മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും പകൽ അവസാനിക്കുന്ന നേരത്തെ ആകാശത്തിന്റെ വർണപ്പകിട്ടും ഇനി മലമുകളിൽ നിന്ന് ആസ്വദിക്കാം. സഞ്ചാരികൾക്ക് സൂര്യോദയവും സൂര്യാസ്തമയവും കാണാൻ സൗകര്യമൊരുക്കി കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രവേശന സമയം പുനഃക്രമീകരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ പുതിയ സമയക്രമത്തിന് തുടക്കമായി. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. മലമുകളിലെ കുളിർക്കാറ്റും പച്ചപ്പും ചുറ്റുമുള്ള മലനിരകളുടെ കാഴ്ചയും വാച്ച് ടവറിൽനിന്നുള്ള വിശാലമായ ദൃശ്യങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ. പുതിയ പ്രവേശനക്രമം നിലവിൽ വന്നതോടെ പുലർച്ചെയെത്തുന്നവർക്ക് സൂര്യോദയവും വൈകീട്ടെത്തുന്നവർക്ക് സൂര്യാസ്തമയവും മലമുകളിൽനിന്ന് ആസ്വദിക്കാം.
പുലർച്ചെ 1.30 മുതൽ വൈകുന്നേരം 6.30 വരെ ടിക്കറ്റ് എടുത്ത് പ്രവേശനം അനുവദിക്കും. സൂര്യാസ്തമയം കണ്ടശേഷം രാത്രി 7.30ഓടെ സന്ദർശകർ മലയിൽനിന്ന് പുറത്തിറങ്ങണം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവേശനം അനുവദിക്കും.
നേരത്തെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയായിരുന്നു സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. സഞ്ചാരികൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സമയക്രമം പുനഃക്രമീകരിച്ചത്. പ്രത്യേകിച്ച് പുലർച്ചെയുള്ള പ്രകൃതിദൃശ്യങ്ങളും സൂര്യോദയവും വൈകീട്ടുള്ള അസ്തമയക്കാഴ്ചയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ സംവിധാനം കൂടുതൽ സൗകര്യമാകും.
പുതിയ സമയക്രമത്തോടെ അവധി ദിവസങ്ങളിലും മറ്റും കൊടികുത്തിമലയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. പ്രകൃതിയുടെ വിവിധ ഭാവങ്ങൾ ഒരേ ദിവസം ആസ്വദിക്കാനാകുന്ന ഇടമെന്ന നിലയിൽ കൊടികുത്തിമലയുടെ ടൂറിസം സാധ്യതകൾ കൂടുതൽ വിപുലമാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.




