ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിൽ ബ്രഹ്മോസ് മിസൈൽ നിർണായക നേട്ടമായി മാറുന്നു. ബ്രഹ്മോസ് മിസൈലിന്റെ കയറ്റുമതി 600 മില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു.
ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, വിയറ്റ്നാം എന്നീ മൂന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബ്രഹ്മോസ് സംബന്ധിച്ച കരാറുകളോ ധാരണകളോ നിലവിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിലിപ്പീൻസിന് ഏകദേശം 330 മില്യൺ ഡോളർ വിലമതിക്കുന്ന ബ്രഹ്മോസ് സംവിധാനങ്ങൾ ഇതിനകം കൈമാറിയിട്ടുണ്ട്. വിയറ്റ്നാമിലേക്കുള്ള കയറ്റുമതി തുടക്കത്തിൽ ഏകദേശം 100 മില്യൺ ഡോളറും ഇൻഡോനേഷ്യയിലേക്കുള്ളത് ഏകദേശം 200 മില്യൺ ഡോളറുമാകുമെന്നാണ് പ്രതീക്ഷ.
‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ബ്രഹ്മോസ് യുദ്ധരംഗത്ത് ഉപയോഗിച്ചെന്നും, സുഖോയ് യുദ്ധവിമാനങ്ങളിൽ നിന്നുള്ള എയർ-ലോഞ്ച്ഡ് പതിപ്പ് വിജയകരമാണെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു.
ഉയർന്ന നിലവാരത്തിലുള്ള തന്ത്രപ്രധാന പ്രതിരോധ സംവിധാനമായി ബ്രഹ്മോസിന് അന്താരാഷ്ട്ര വിപണിയിൽ വലിയ സാധ്യതയുണ്ടെന്നും, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വളർച്ചയിൽ ഇത് പ്രധാന പങ്ക് വഹിക്കുമെന്നുമാണ് പ്രതിരോധ സെക്രട്ടറിയുടെ വിലയിരുത്തൽ.




