തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനായി നിയമിക്കും. കാബിനറ്റ് റാങ്കോടെയുള്ള പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെയും സമിതികളുടെയും എണ്ണം എട്ടാകും.
പാലാ എംഎൽഎ മാണി സി. കാപ്പനെ നോർക വൈസ് ചെയർമാനായും നിയമിക്കും. എന്നാൽ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലും പരിഗണന വേണമെന്നാണ് കാപ്പന്റെ ആവശ്യം. കാബിനറ്റ് പദവി ലഭിക്കാത്തതിൽ കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. മറ്റ് ഘടകകക്ഷികൾക്ക് നൽകുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നാണ് കാപ്പന്റെ പരാതി.
സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് ഏഴ് എംഎൽഎമാരുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടർന്നുണ്ടായ സമവായ ചർച്ചകൾക്കൊടുവിൽ ഒരു മന്ത്രിസ്ഥാനവും പി.ജെ. ജോസഫിന് ഒരു കാബിനറ്റ് പദവിയും നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു. ഇതോടെയാണ് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽനിന്ന് കേരള കോൺഗ്രസ് പിന്നോട്ടുപോയത്.


