കണ്ണൂര്‍: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ അറബിക്കടലിലേക്ക് അല്ല, അഴുക്കുചാലിലേക്കാണ് വലിച്ചെറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂരില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക് പരിപാടിയിലാണ് കെ എം ഷാജി ഇക്കാര്യം പറഞ്ഞത്. പിഎം ശ്രീ തന്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അതിനാല്‍ മന്ത്രിയായിരിക്കുമ്പോള്‍ തനിക്ക് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ വകുപ്പ് ആയിരുന്നെങ്കില്‍ പിഎം ശ്രീ തടയുമായിരുന്നു. എന്നാല്‍ ഒരു ഉത്തരവാദിത്തത്തില്‍ നില്ക്കുമ്പോള് നമുക്ക് മാത്രമായി എല്ലാം ചെയ്യാന്‍ കഴിയില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അധികാരത്തിലെത്തുമ്പോള്‍ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ പ്രായോഗികമായി മാറ്റിവെക്കേണ്ടി വരാം. എന്നാല്‍ അതിന്റെ അര്‍ഥം തങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ഉപേക്ഷിക്കണമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് വിശദീകരിക്കാന്‍ ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന് മംദാനിയുടെ ഉദാഹരണവും കെ എം ഷാജി ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മംദാനി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായപ്പോള്‍ നിയമസംവിധാനം അതിന് അനുവദിക്കുന്നില്ലെന്നാണ് മംദാനി വിശദീകരിച്ചതെന്നും ഷാജി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കെ എം ഷാജിയുടെ നേരത്തെയുള്ള പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. പിഎം ശ്രീയെ എതിര്‍ക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിട്ടുള്ളത്. അതേസമയം, കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനൊപ്പം കേന്ദ്ര സിലബസ് നടപ്പാക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നതെന്നാണ് വിവരം.



