ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ മരിച്ചു. 61 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 2026 മെയ് 4 തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.40ഓടെയാണ് അപകടം സംഭവിച്ചത്.
ലിയുയാങ് നഗരത്തിലെ ‘ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്’ എന്ന സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. ചൈനയിലെ പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. സ്ഫോടനത്തെ തുടർന്ന് ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു.
അപകടത്തിന് പിന്നാലെ ഫാക്ടറിയിൽ നിന്ന് മൂന്ന് കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഏകദേശം 500 രക്ഷാപ്രവർത്തകരാണ് സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് കനത്ത പുക ഉയർന്നതായും പ്രദേശം മുഴുവൻ ആശങ്കയിലായതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണം പ്രഖ്യാപിക്കുകയും കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വ്യവസായ ശാലകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.




