ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേർ മരിച്ച എയർ ഇന്ത്യ വിമാനാപകടത്തിന്റെ കാരണം ഇലക്ട്രിക്കൽ തകരാറാകാമോ എന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടനയായ എഫ്.ഐ.പി അന്വേഷണ ഏജൻസിയായ എ.എ.ഐ.ബിയോട് ആവശ്യപ്പെട്ടു. 2025 ജൂൺ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ് 787-8 വിമാനം ടേക്ക് ഓഫ് സമയത്താണ് തകർന്നുവീണത്.
അപകടത്തെ തുടർന്ന് പുറത്ത് വന്ന പ്രാഥമിക റിപ്പോർട്ടിൽ, വിമാനം ഉയരാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ട് എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിലച്ചതായി സൂചനയുണ്ട്. കോക്ക്പിറ്റ് ശബ്ദരേഖകളിൽ എൻജിനിലേക്കുള്ള ഇന്ധനം എന്തുകൊണ്ട് നിലച്ചുവെന്ന് ചോദിക്കുന്നതും, അതിൽ സഹപൈലറ്റ് താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അന്തിമ റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും സാങ്കേതിക തകരാറുകളെക്കുറിച്ച് സംശയങ്ങൾ ഉയരുന്നതിനിടെയാണ് എഫ്.ഐ.പി മേയ് 1-ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്ത് നൽകിയത്. ലിഥിയം ബാറ്ററി തകരാറുണ്ടായാൽ പൈലറ്റിന്റെ ഇടപെടലില്ലാതെ തന്നെ എൻജിനിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാമെന്ന സാധ്യതയും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിലൂടെ മാധ്യമ വിചാരണയ്ക്ക് വഴി തുറന്നുവെന്ന വിമർശനവുമായി സുപ്രീംകോടതിയും രംഗത്തെത്തി. അപകടത്തിൽ മരിച്ച ക്യാപ്റ്റൻ സുമീത് സഭർവാളിന്റെ പിതാവും സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.






