മുംബൈ: ഐപിഎൽ താരങ്ങളുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി ബിസിസിഐ ഫ്രാഞ്ചൈസി ഉടമകൾക്കും താരങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മത്സര വേദികളിലും ഹോട്ടലുകളിലും പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി എട്ട് പേജുള്ള പുതിയ മാർഗനിർദേശങ്ങളാണ് ബോർഡ് പുറത്തിറക്കിയത്. പ്ലെയർ ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയയിലെ പ്രോട്ടോക്കോൾ ചില ഫ്രാഞ്ചൈസികൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്.
മത്സരത്തിനിടെ താരങ്ങളുടെ അടുത്തേക്ക് ടീം ഉടമകളോ ഫ്രാഞ്ചൈസി പ്രതിനിധികളോ എത്തുന്നത് ബിസിസിഐ നിരോധിച്ചിട്ടുണ്ട്. താരങ്ങളെ ആലിംഗനം ചെയ്യുകയോ അനൗദ്യോഗികമായി ആശയവിനിമയം നടത്തുകയോ ചെയ്യരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക അനുമതിയില്ലാതെ ഡഗ്‌ഔട്ടിലേക്കോ ഡ്രസ്സിംഗ് റൂമിലേക്കോ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. നിയമലംഘനം സംഭവിച്ചാൽ കാരണം കാണിക്കൽ നോട്ടീസ്, പിഴ, സസ്പെൻഷൻ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി.
താരങ്ങൾ താമസിക്കുന്ന ഹോട്ടലുകളിലും സന്ദർശക നിയന്ത്രണം കർശനമാക്കി. ടീം മാനേജ്മെന്റിന്റെ അനുമതിയില്ലാതെ ആരെയും റൂമുകളിൽ പ്രവേശിപ്പിക്കരുതെന്നും, സന്ദർശകർക്ക് ലൗഞ്ച് അല്ലെങ്കിൽ റിസപ്ഷൻ ഏരിയയിൽ മാത്രമേ താരങ്ങളെ കാണാൻ അനുവാദമുള്ളൂവെന്നും മാർഗനിർദേശത്തിൽ പറയുന്നു. പരിശീലനവും മത്സരവും നടക്കുന്ന സമയങ്ങളിൽ താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഹോട്ടലിൽ നിന്ന് പുറത്തുപോകാൻ പാടില്ല.
ഡ്രസ്സിംഗ് റൂം, ഡഗ്‌ഔട്ട്, ടീം ഹോട്ടൽ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിഗരറ്റ്, ഇ-സിഗരറ്റ്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചതായും ബിസിസിഐ അറിയിച്ചു. എല്ലാ പത്ത് ഫ്രാഞ്ചൈസികൾക്കും പുതിയ നിയമങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും ബോർഡ് വ്യക്തമാക്കി.






