കരുനാഗപ്പള്ളി: മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകളും തർക്കങ്ങളും മുറുകുന്നതിനിടെ, പാർട്ടി നേതാക്കൾക്ക് കർശനമായ ഓർമ്മപ്പെടുത്തലുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ നേടിയതെന്ന് കരുതുന്ന പദവികളും വിജയങ്ങളുമൊന്നും ആരും സ്വന്തമായി കൊണ്ടുവന്നതല്ലെന്നും എല്ലാം പാർട്ടി നൽകിയതാണെന്നുമുള്ള യാഥാർത്ഥ്യം നേതാക്കൾ മറക്കരുതെന്ന് അദ്ദേഹം കുറിച്ചു. പല്ലു കുത്തി മണപ്പിക്കുന്നതിനെപ്പോലും സുഗന്ധമായി കാണുന്നവർ ജനവികാരം കാണുന്നില്ലെന്നും, അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്നതിൽ ഭയമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ ധർമ്മടത്തും പയ്യന്നൂരിലും തളിപ്പറമ്പിലും പോലും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കാമെങ്കിൽ, യുഡിഎഫിന്റെ വലിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളും സുരക്ഷിതമല്ലെന്ന് സി.ആർ. മഹേഷ് മുന്നറിയിപ്പ് നൽകി. അമ്പതിനായിരവും എൺപതിനായിരവും വോട്ടുകൾക്ക് ജയിച്ച മണ്ഡലങ്ങളിൽ പോലും ഇനി അത്ഭുതങ്ങൾ സംഭവിക്കാമെന്നും അതാണ് ജനാധിപത്യത്തിന്റെ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ഹൃദയമിടിപ്പ് തിരിച്ചറിയാത്തവർക്ക് വരുംകാലം തിരിച്ചടിയാകുമെന്ന സൂചനയും അദ്ദേഹം നൽകി.
വിശക്കുന്നവന്റെയും പണിയെടുക്കുന്നവന്റെയും വികാരം പങ്കുവെച്ചു കൊണ്ടാണ് താൻ സംസാരിക്കുന്നതെന്ന് സി.ആർ. മഹേഷ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ ഇന്ത്യയിൽ ബാക്കിയുള്ള ഇടങ്ങളിൽ കൂടി തിരിച്ചടി നേരിടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. പാർട്ടി നോക്കാതെ വോട്ട് ചെയ്യുന്ന നിഷ്പക്ഷരായ ജനങ്ങളുടെ വികാരം മാനിക്കണമെന്നും, വ്യക്തിപരമായ നേട്ടങ്ങളേക്കാൾ പ്രസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. ഇത് വെറുമൊരു പക്ഷം പിടിക്കലല്ലെന്നും പാർട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാരുടെ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






