ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച ആവശ്യം സിപിഐ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഎം സാങ്കേതിക കാരണങ്ങളാണ് ഉന്നയിക്കുന്നതെന്നും ചില നിലപാടുകളിൽ മാറ്റം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപൂജ രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയാകുമെന്ന് ലോകചരിത്രത്തിൽ നിന്നുള്ള വലിയ പാഠമാണെന്നും, അത്തരം പ്രവണതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ പിഴവാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആശ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ അധിക്ഷേപിച്ചത് തെറ്റായിപ്പോയെന്നും തൊഴിലാളി സമരങ്ങളെ അവഹേളിക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പായി കാണണമെന്നും പിഴവുകൾ തിരുത്തി മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറ്റം വേണമെന്ന ചർച്ചകളെക്കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. സോഷ്യൽ മീഡിയയിലോ ഫേസ്ബുക്കിലോ ചിലർ അഭിപ്രായപ്പെടുന്നതുകൊണ്ട് നേതൃമാറ്റം നടക്കില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രീതി അതല്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വമാറ്റം ആവശ്യപ്പെട്ടുള്ള ഔദ്യോഗിക ആവശ്യം ഉയർന്നിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.






