ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം വകുപ്പ്. വിഐപി സന്ദർശനം നടത്തുന്നതിന് തലേദിവസം തന്നെ ക്ഷേത്ര അധികൃതരെ വിവരം അറിയിക്കണമെന്നാണ് പുതിയ നിർദേശം. ക്ഷേത്രത്തിലെത്തുന്ന സമയവും സംഘത്തിലുള്ളവരുടെ എണ്ണവും മുൻകൂട്ടി അറിയിക്കണം.
സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള വിഐപികൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. സാധാരണ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി.
ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. റീൽസ് ചിത്രീകരണം പരിധിവിട്ടതോടെയാണ് നിയന്ത്രണം ശക്തമാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതിനായി പുറത്ത് ഫോൺ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. ഇതിനായി അഞ്ച് രൂപ ഫീസ് ഈടാക്കും. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് എല്ലാ ക്ഷേത്രങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശം നൽകി.
സാധാരണ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനൊപ്പം ക്ഷേത്രങ്ങളുടെ പവിത്രതയും സംരക്ഷിക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.


