കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ പരിശോധന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്. ഗൾഫ് സഹകരണ കൗൺസിൽ ആരോഗ്യ സമിതിയുടെ കീഴിൽ നടപ്പാക്കുന്ന ‘വാഫിദ്’ ആരോഗ്യ പരിശോധന പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അംഗീകരിച്ചു.
ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 54 വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ആരോഗ്യ പരിശോധന നടപടികളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ.
പരിശോധന നടപടികളുടെ വേഗവും കൃത്യതയും വർധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഇലക്ട്രോണിക് ഏകോപനം ശക്തിപ്പെടുത്തും. പ്രവാസികളുടെ ആരോഗ്യ പരിശോധനയ്ക്കായി അംഗീകൃത വിദേശ ആരോഗ്യ കേന്ദ്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
വിദേശ ആരോഗ്യ പരിശോധന കേന്ദ്രങ്ങളുടെ മേൽനോട്ടവും വിലയിരുത്തലും കൂടുതൽ കർശനമാക്കും. ക്ലിനിക്കൽ, ലബോറട്ടറി, റേഡിയോളജി പരിശോധനകൾക്കും പ്രതിരോധ വാക്സിനേഷനുകൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ സർട്ടിഫിക്കറ്റുകളുടെ സാധുതയും അംഗീകാര നടപടികളും ക്രമീകരിക്കുന്നതിലൂടെ വിസയും താമസ നടപടികളും കൂടുതൽ സുഗമമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കുവൈത്തിലേക്ക് എത്തുന്നതിന് മുമ്പ് പ്രവാസികളുടെ ആരോഗ്യ യോഗ്യത ഉറപ്പാക്കുന്നതിനുള്ള പ്രതിരോധ സംവിധാനമായാണ് ‘വാഫിദ്’ പദ്ധതി പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.






