ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഓൺലൈൻ ഗെയിമിങ്ങുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട കേസിൽ 19 കാരൻ അറസ്റ്റിൽ. ബെത്മ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മെയ് 7-ന് സമീർ പട്ടേൽ (32) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റംസാൻ പട്ടേൽ (19) പിടിയിലായത്.
ഓൺലൈൻ ഗെയിമുകളിൽ പണം വെച്ച് കളിക്കുന്നതിനിടെ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റംസാനിന് സമീറിനോട് ഏകദേശം 10 ലക്ഷം രൂപ കടബാധ്യത ഉണ്ടായിരുന്നുവെന്നും, അതിൽ 7 ലക്ഷം രൂപ തിരിച്ചടച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ശേഷിച്ച 3 ലക്ഷം രൂപയെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്.
തർക്കം രൂക്ഷമായതിനെ തുടർന്ന് പ്രകോപിതനായ റംസാൻ കല്ലുകൊണ്ട് സമീറിന്റെ തലയിൽ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.






