പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ ഭാഗമാണ്. എന്നാൽ പ്രതിഷേധത്തിൻ്റെ രൂപം വ്യക്തിയെ അപമാനിക്കുന്നതിലേക്കോ ശാരീരിക സംഘർഷത്തിലേക്കോ നീങ്ങുന്നതിലെ രാഷ്ട്രീയ ധാർമ്മികത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നയങ്ങളോടൊ,
ഭരണാധികാരികളുടെ സമീപനങ്ങളോടൊ എതിർപ്പുണ്ടെങ്കിൽ മാന്യതയുടെ സമരമാർഗ്ഗങ്ങൾ സ്വീകരിക്കണം.ക്രിമിനൽ കുറ്റകൃത്യങ്ങളെ സമരമാർഗ്ഗമായി സ്വീകരിച്ചു കൊണ്ടുള്ള പോരാട്ടങ്ങൾ ആരും നടത്തിയാലും അത് ഹീനവും നീചവുമാണ്. ഇത്തരം സമരമാർഗ്ഗങ്ങൾ ആശങ്കാജനകവും പൊതുസമൂഹത്തെ ആകുലപ്പെടുത്തുന്നതുമാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസിനെ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചു. വൈസ് ചാൻസലറെ കാറിലേക്ക് എത്തിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും വൈസ് ചാൻസലർക്ക് സമരക്കാരുടെ കൈകൊണ്ട് ചെറിയ പരിക്കേറ്റു. ഓടിയടുത്ത സമരക്കാരിൽ ചിലർ മുടിക്കുത്തിനു പിടിച്ച് വലിക്കുകയും മാന്തുകയും ചെയ്തുവെന്നും ദേഹത്ത് പോറലും മുറിവും ഉണ്ടായി എന്നുമാണ് വി. സി. വ്യക്തമാക്കിയത്. വൈസ് ചാൻസലർ സഞ്ചരിച്ചിരുന്ന സാങ്കേതിക സർവ്വകലാശാലയുടെ കാറിനും നാശനഷ്ടമുണ്ട്. തുടർന്നാണ് സമരക്കാർ വൈസ് ചാൻസലറുടെ ശവസംസ്കാര ചടങ്ങുകൾ പ്രതീകാത്മകമായി നടത്തിയത്. മരണവീട്ടിലെ വിലാപവും രോദനവുമെല്ലാം ഉണ്ടായി…. എന്നാണ് പത്ര വാർത്തകൾ . സംസ്ക്കാര ചടങ്ങിൻ്റെ ഫോട്ടോയും പത്രങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ എസ്. എഫ്. ഐ ഇക്കാര്യങ്ങൾ നിഷേധിച്ചിട്ടുണ്ട്.
വൈസ് ചാൻസലറെ ആക്രമിക്കുകയും പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് എസ്. എഫ്. ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വി.സി യുടെ പരാതിയിൽ 19 പേർക്കെതിരെ കേസെടുത്തിട്ടു മുണ്ട്.
കാലടി സംസ്കൃത സർവ്വകശാല വൈസ് ചാൻസലർക്കെതിരെ എസ്.എഫ്.ഐ നടത്തിയ സമരത്തിനെതിരെ സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളിലെയും വി.സി.മാർ രംഗത്ത് എത്തി. സമരത്തിൻ്റെ പേരിൽ നടന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിൽ ആശങ്കയുണ്ടെന്നും കാണിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും അവർ കത്ത് നൽകി.ഇത്തരം പ്രവർത്തികൾ സർവകലാശാലകളിലെ അക്കാദമിക് വിദഗ്ധരിൽ ആശങ്കയുണ്ടാക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ സാംസ്കാരിക പ്രശസ്തിയെക്കുറിച്ച് തെറ്റായ സൂചന നൽകുമെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ പറഞ്ഞു.
പ്രിൻസിപ്പാളിൻ്റെ കസേര കത്തിക്കൽ, പ്രിൻസിപ്പാളിന് കുഴിമാടമൊരുക്കൽ, ആദരാജ്ഞലികൾ അർപ്പിക്കൽ, കരിഓയിൽ പ്രയോഗം, ചാപ്പ കുത്തൽ തുടങ്ങിയ സമരമാർഗങ്ങൾ നിന്ദയുടെയും ധാർമ്മിക ഭ്രംശത്തിൻ്റെയും സാംസ്കാരിക അധ:പതനത്തിൻ്റെയും സമരമാർഗ്ഗങ്ങളാണ് .ആശയം കൊണ്ടും ബുദ്ധികൊണ്ടും പ്രവർത്തികൊണ്ടും സമരം ചെയ്യേണ്ടതിന് പകരം അപരിഷ്‌കൃത സമരമാർഗ്ഗങ്ങൾ ഒരു പരിഷ്‌കൃത സമൂഹത്തിൽ ഒട്ടും സ്വീകാര്യമല്ല.ആശയതലം പരാജയപ്പെടുന്നിടത്താണ് മർക്കടമുഷ്‌ടികൾ ( ഗുണ്ടായിസം) പ്രയോഗിക്കുന്നത്. ഇതിനെ ബൗദ്ധികവും ധാർമ്മികവുമായ പാപ്പരത്തം എന്നേ വിളിക്കാവൂ.
2017 ജനുവരി 19നാണ് എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിൻ്റെ കസേര പ്രധാന ഗേറ്റിനു മുന്നിലിട്ട് കത്തിച്ചത്. അന്ന് ഡോ. എം. ലീലാവതി പറഞ്ഞു ; “പ്രിൻസിപ്പാളിൻ്റെ ഇരിപ്പിടം ഭസ്‌മമാക്കുക എന്നത് സങ്കല്പത്തിന് അപ്പുറത്തുള്ള കാടത്തമാണ് .ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിനു തുല്യമാണ്. ” തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പാളിൻ്റെ റിട്ടയർമെൻ്റ് ദിനത്തിൽ ,ഒരു സംഘം വിദ്യാർത്ഥികൾ അവർക്ക് കുഴിമാടം ഒരുക്കി റീത്ത് വെച്ച് പ്രതിഷേധിച്ചു. അത് ആർട്ട് ഇൻസ്റ്റലേഷനായി (പ്രതിഷ്ഠാപന കല) കാണണമെന്ന് ചിലർ പറഞ്ഞു. ഗുരുനിന്ദയുടെ മറ്റൊരു രൂപമായിരുന്നു അത്. പിന്നീട് നീലേശ്വരം പടന്നക്കാട് നെഹ്രു കോളേജിലെ വനിതാ പ്രിൻസിപ്പാളിനുള്ള യാത്രയയപ്പു ചടങ്ങിനിടെ അവർക്ക് ആദരാഞ്ജലി അർപ്പിച്ച് ക്യാമ്പസിൽ പോസ്റ്റർ പതിപ്പിച്ചു. “വിദ്യാർഥി മനസ്സിൽ മരിച്ച പ്രിൻസിപ്പാളിന് ആദരാഞ്ജലികൾ, ദുരന്തം ഒഴിയുന്നു, ക്യാമ്പസ് സ്വതന്ത്രമാകുന്നു, നെഹ്റുവിന് ശാപമോക്ഷം”. ഇത്രയുമാണ് പോസ്റ്ററിൽ എഴുതിയിരുന്നത്.
31 വർഷം നെഹ്റു കോളേജിൽ അധ്യാപികയും രണ്ടുവർഷം പ്രിൻസിപ്പാളുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പ് ചടങ്ങിനിടയിലാണ് ഈ സംഭവം. പോസ്റ്റർ പതിപ്പിച്ചതിനു പുറമേ യാത്രയയപ്പു യോഗം നടക്കുമ്പോൾ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെപ്പോലെ സ്നേഹിച്ച വിദ്യാർത്ഥികളിൽ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധം ഏറെ വേദനിപ്പിച്ചെന്ന് അന്ന് പ്രിൻസിപ്പാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആചാര്യൻ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങൾ അരങ്ങേറുന്നത്. നന്മയുടെയും പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിൻ്റെയും സർഗ്ഗാത്മകതയുടെയും വിളനിലമായിരുന്ന കലാലയങ്ങളിലെ ഇന്നത്തെ സമരമാർഗ്ഗങ്ങളിലെ താളപ്പിഴകൾ നമ്മെ ഏറെ വേദനിപ്പിക്കുന്നു. ചിലരുടെ സ്വാർത്ഥ മോഹങ്ങളുടെ താല്പര്യത്തിനായി വിദ്യാർത്ഥികളെ കരുക്കളാക്കുന്നതിന്റെ പ്രകടനങ്ങളാണിവ. ഗുരുഇരിപ്പിടത്തിന്റെ പ്രതീകാത്മഹത്യയും ഗുരുവിന് ചിതയൊരുക്കലും ആദരാജ്ഞലി അർപ്പിക്കലും ഒരു തരം പിതൃഹത്യയാണ്. മാതാ പിതാ ഗുരു ദൈവം എന്ന പവിത്ര സങ്കല്പത്തെ തച്ചുടച്ച് ഗുരുത്വ ക്കേട് ഇരന്നുവാങ്ങുകയാണ് ചില വിദ്യാത്ഥികൾ.
ജീവിച്ചിരിക്കുന്നവരുടെ രൂപം തെരുവിൽ കത്തിച്ച് സായൂജ്യമടയുന്ന അപരിഷ്കൃതരീതി സംസ്ക്കാര ശൂന്യതയാണ്. അതിൽ നിന്നുണ്ടാകുന്ന ആനന്ദം പൈശാചികമാണ്. ഗുരുവിനെ കത്തിക്കുന്ന നെറികെട്ടവരുടെ നെറികേടിനെ പിന്തുണയ്ക്കുന്ന ചുരുക്കം ചിലരുണ്ടാകാം. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് മാന്തിക്കുന്ന ഇവർ നികൃഷ്ട മനസ്സുള്ളവരാണ്. എല്ലാ പ്രതിഷേധ സമരങ്ങൾക്കുംമാന്യതയുണ്ടാകണം. പ്രാകൃത വഴികൾ ഇന്നത്തെ പൊതുസമൂഹം അംഗീകരിക്കില്ല. എതിർപ്പിന് ജനാധിപത്യം അനുവദിച്ചിട്ടുള്ള മാർഗ്ഗങ്ങളുടെ ലംഘനമാണിത്. എന്ത് കാരണത്തിൻ്റെ പേരിലായാലും പൊതുസമൂഹത്തിന്റെ അന്തസ്സിനെ ,
ജനാധിപത്യ ബോധത്തെ, ക്ഷമാശീലത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾ ഒരിക്കലും ആവർത്തിച്ചു കൂടാ.
(അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ലേഖകൻ,
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ്.
8075789768)


