പാട്ന: മരത്തിൽ നിന്ന് നാരങ്ങ പറിച്ചെന്നാരോപിച്ച് എട്ടുവയസ്സുകാരനെ അയൽവാസി മർദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ പുർണിയ ജില്ലയിലെ ബൈസി മേഖലയിലാണ് ദാരുണ സംഭവം നടന്നത്. മുഹമ്മദ് സനോവർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
അയൽവാസിയായ മുഹമ്മദ് മസൂദിന്റെ പറമ്പിലെ മരത്തിൽ നിന്ന് സനോവർ നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് മസൂദ് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംഭവത്തിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായും ബൈസി പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. നിസ്സാര കാരണത്തിന്റെ പേരിൽ കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.






