കൊല്ലം: കനത്ത മഴയെ തുടർന്ന് സർവീസ് സ്റ്റേഷൻ കെട്ടിടവും കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണ് ടിപ്പർ ലോറിക്കു മുകളിൽ പതിച്ചതിനെ തുടർന്ന് പെയിന്റിങ് തൊഴിലാളി മരിച്ചു. വന്മള വള്ളിയയ്യത്ത് പുത്തൻവീട്ടിൽ സിജോ തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നെല്ലിപ്പള്ളിയിൽ അപകടം ഉണ്ടായത്.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന സർവീസ് സ്റ്റേഷന്റെ കെട്ടിടവും അതിനോട് ചേർന്ന കോൺക്രീറ്റ് മതിലും കനത്ത മഴയിൽ തകർന്നുവീഴുകയായിരുന്നു. സർവീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കുള്ളിൽ ഇരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. മഴ പെയ്യുന്നതിനിടെ ലോറിയുടെ കാബിനിൽ ഫോണിൽ സംസാരിക്കുകയായിരുന്നു സിജോ. അപ്പോൾ വലിയ ശബ്ദത്തോടെ കെട്ടിടത്തിന്റെ മേൽക്കൂരയും മതിലും ലോറിക്കു മുകളിലേക്കു പതിച്ചു.
വിവരമറിഞ്ഞ് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. എന്നാൽ ലോറിയുടെ കാബിനിനു മുകളിൽ വലിയ കോൺക്രീറ്റ് പാളികൾ വീണതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായി. പിന്നീട് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് പാളികൾ നീക്കിയാണ് രാത്രി എട്ടരയോടെ മൃതദേഹം കണ്ടെത്തിയത്.
ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് ലോറിയുടെ കാബിൻ മുറിച്ചുനീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയും ഇരുട്ടും കാരണം സ്ഥലത്തെ തുടർപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.






