തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചതായാണ് വിവരം.
പാർട്ടി പതാകകൾ, പ്രചാരണ സാമഗ്രികൾ, നേതാക്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ, ഹെലികോപ്റ്റർ വാടക തുടങ്ങിയവയിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചില ഭാരവാഹികൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയ പ്രചാരണ വസ്തുക്കൾക്ക് പോലും വ്യാജ ബില്ലുകൾ തയ്യാറാക്കി പണം കൈപ്പറ്റിയെന്നാണ് ആരോപണം. സൗജന്യമായി ലഭിച്ച പാർട്ടി കൊടികൾക്ക് മൂന്നേകാൽ ലക്ഷം രൂപയുടെ ബിൽ നൽകിയതായി കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് പിന്നാലെ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളും പുറത്തുവന്നത്. പാർട്ടിയുടെ ഇന്റേണൽ ഓഡിറ്റിലാണ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം.
ദേശീയ നേതാക്കളുടെ സന്ദർശന സമയത്ത് ഹോട്ടൽ മുറികളുടെ ബില്ലുകളിൽ വർധിപ്പിച്ച തുക രേഖപ്പെടുത്തിയെന്നും, ഹെലികോപ്റ്റർ വാടകയിലും ക്രമക്കേട് നടന്നെന്നുമാണ് ആരോപണം. ചില നേതാക്കൾ തെരഞ്ഞെടുപ്പിന് ശേഷം വൻ തുകയുടെ വായ്പകൾ തിരിച്ചടച്ചതിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
അതേസമയം, വട്ടിയൂർക്കാവ് മണ്ഡലവുമായി ബന്ധപ്പെട്ട് എ എ ഏജൻസിയുടെ പേരിൽ തയ്യാറാക്കിയ ബിൽ ഉപയോഗിച്ച് പണം തട്ടിയെന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ തങ്ങളുടെ സ്ഥാപനത്തിൽ പാർട്ടി കൊടികൾ വിൽക്കുന്നില്ലെന്ന് എ എ ഏജൻസി ഉടമ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
ആരോപണങ്ങളിൽ ബിജെപി ആഭ്യന്തര അന്വേഷണം തുടരുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.












