തൃശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. ചേലക്കര സ്വദേശിനിയായ സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രിയാണ് ഗുരുവായൂരിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന് സന്താനവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇന്നലെ സന്താനവല്ലി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറിയതായാണ് പ്രാഥമിക നിഗമനം.
സംഘർഷത്തിനിടെ സുരേഷ് കുമാറും കൂട്ടാളിയും ചേർന്ന് സന്താനവല്ലിയെ കിണറ്റിലേക്ക് തള്ളിയിട്ടതായാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവത്തിന്റെ കൂടുതൽ സാഹചര്യങ്ങളും കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.



