തിരുവനന്തപുരം: പാർട്ടിയിലെ ആഭ്യന്തര വിവരങ്ങൾ സാമൂഹികമാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ചോർത്തി നൽകുന്നവരെ കണ്ടെത്താൻ ബിജെപി അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നിലുള്ളവരെയും കണ്ടെത്താനാണ് ശ്രമം.
സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന വിവാദങ്ങൾക്ക് പിന്നിൽ നേതൃനിരയിലുള്ളവരോ അവരുടെ അടുത്ത ബന്ധമുള്ളവരോ ആണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിക്കുള്ളിൽ വിമതനീക്കമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വിദേശ സന്ദർശനത്തിലുള്ള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയ ശേഷം വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കും. സംസ്ഥാന നേതാക്കളെതിരെ ആരോപണങ്ങൾ ഉയർത്തി പ്രസിഡന്റിനെ തന്നെ ലക്ഷ്യമിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ മൂന്ന് നേതാക്കളെ ചുമതലയിൽ നിന്ന് പുറത്താക്കിയെന്ന വ്യാജ സർക്കുലർ അടുത്തിടെ പ്രചരിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ പുറത്തിറങ്ങിയതായി കാണിച്ച ഈ സർക്കുലർ തയ്യാറാക്കാൻ ഉപയോഗിച്ച ലെറ്റർപാഡും ആരാണ് പ്രചരിപ്പിച്ചതെന്നും അന്വേഷിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന ആരോപണം. പ്രചാരണക്കൊടികൾ വാങ്ങിയതിലെ സാമ്പത്തിക ക്രമക്കേട്, ഹെലികോപ്റ്റർ യാത്രാ ചെലവ് വർധിപ്പിച്ച് കാണിക്കൽ, വി.ഐ.പി. താമസത്തിന്റെയും യാത്രയുടെയും പേരിൽ അധിക ചെലവ് രേഖപ്പെടുത്തൽ, ചില നേതാക്കൾ തിരഞ്ഞെടുപ്പ് ഫണ്ട് ഉപയോഗിച്ച് വ്യക്തിഗത ബാങ്ക് വായ്പകൾ അടച്ചതടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അതേസമയം, മൂന്ന് നേതാക്കളെ ചുമതലയിൽ നിന്ന് നീക്കിയെന്ന വാർത്ത സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിഷേധിച്ചിട്ടുണ്ട്. എന്നിരുന്നാലും പാർട്ടിക്കുള്ളിലെ വിവാദം തുടരുകയാണ്.


