ഒക്‌ലഹോമ: അഞ്ചാം വയസ്സുമുതൽ ‘ഇരുമ്പുശ്വാസകോശ’ത്തിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന യു.എസിലെ അവസാന പോളിയോ അതിജീവിതയായ മാർത്ത ലിലാർഡ് (78) അന്തരിച്ചു. ഒക്‌ലഹോമ സ്വദേശിനിയായ മാർത്ത ജൂൺ 26-നാണ് മരിച്ചത്. മരണവിവരം കുടുംബം ഇപ്പോഴാണ് പുറത്തുവിട്ടത്.
അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് ജീവിതകാലം മുഴുവൻ കൃത്രിമ ശ്വസനസഹായത്തെ ആശ്രയിച്ചായിരുന്നു മാർത്തയുടെ ജീവിതം. 20 വയസ്സ് തികയുന്നതിന് മുമ്പ് മരിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ പ്രവചനം. എന്നാൽ ജീവിക്കാനുള്ള അടങ്ങാത്ത മനോവീര്യമാണ് മാർത്തയെ പതിറ്റാണ്ടുകളോളം മുന്നോട്ടുനയിച്ചതെന്ന് സഹോദരി സിൻഡി പറഞ്ഞു.
ആരോഗ്യപരമായ പരിമിതികൾക്കിടയിലും വിദ്യാഭ്യാസം മുടങ്ങിയില്ല. കുട്ടിക്കാലത്ത് ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നത്. അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ ടെലിഫോണിലൂടെയും പഠനം തുടർന്നു. യാത്രകളിലും കുടുംബം പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വലിപ്പമേറിയ ഇരുമ്പുശ്വാസകോശം ഉൾക്കൊള്ളാൻ കഴിയുന്ന ട്രെയ്‌ലറുകളിലും വിശാലമായ വാതിലുകളുള്ള ഹോട്ടലുകളിലുമായിരുന്നു താമസ സൗകര്യം ഒരുക്കിയിരുന്നത്. 1979-ലാണ് അമേരിക്കയിൽ പോളിയോ നിർമാർജനം ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എന്താണ് ഇരുമ്പുശ്വാസകോശം?
രോഗിയുടെ തല ഒഴികെയുള്ള ശരീരം മുഴുവൻ ഉൾക്കൊള്ളുന്ന വായു കടക്കാത്ത ലോഹ സിലിണ്ടറാണ് ഇരുമ്പുശ്വാസകോശം. നെഗറ്റീവ് മർദ്ദത്തിന്റെ സഹായത്തോടെ നെഞ്ചിന്റെ വികാസവും ചുരുക്കവും സാധ്യമാക്കി സ്വാഭാവിക ശ്വസനത്തെ സഹായിക്കുന്ന യന്ത്രമാണിത്. 1927-ൽ ഫിലിപ്പ് ഡ്രിങ്കറും ലൂയി ഷോയും ചേർന്നാണ് ഈ ഉപകരണം വികസിപ്പിച്ചത്. 1940-50 കാലഘട്ടത്തിൽ പോളിയോ വ്യാപകമായിരുന്ന സമയത്ത് ആയിരക്കണക്കിന് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഇരുമ്പുശ്വാസകോശം നിർണായക പങ്കുവഹിച്ചു.











