ബെയ്റൂട്ട്: വെടിനിർത്തൽ കരാർ നിലവിലിരിക്കെ തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ രണ്ട് സിവിൽ പ്രതിരോധ പ്രവർത്തകരും ഒരു സൈനികനും ഉൾപ്പെടുന്നു.
തെക്കൻ ലെബനനിലെ ഹബ്ബൂഷ് ഗ്രാമത്തിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. പ്രദേശം ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മിനിറ്റുകൾക്കകം മിസൈൽ ആക്രമണം നടത്തുകയായിരുന്നു. ഒരു വീടിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ ആറുപേർ മരിച്ചു.
മറ്റൊരു സംഭവത്തിൽ, പരിക്കേറ്റയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് സന്നദ്ധപ്രവർത്തകർ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നബാത്തിയ മേഖലയിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സിറിയൻ പൗരനും മകളും ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ 17 മുതൽ പ്രാബല്യത്തിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ ആക്രമണം തുടരുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തെക്കൻ ലെബനനിലെ വിവിധ ഗ്രാമങ്ങളിൽ വ്യോമാക്രമണവും പീരങ്കി ആക്രമണവും ശക്തമായി തുടരുകയാണ്. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മാർച്ചുമുതൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ രണ്ടായിരത്തി എണ്ണൂറിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.






