പൂനൈ: മഹാരാഷ്ട്രയിലെ പൂനൈയിൽ പരിശീലന വിമാനം തകർന്നുവീണു. ബാരാമതി വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 8.50ഓടെയാണ് അപകടം നടന്നത്. റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഗോജുബാവി ഗ്രാമത്തിന് മുകളിലൂടെ താഴ്ന്ന് പറക്കുന്നതിനിടെ സാങ്കേതിക തകരാർ സംഭവിച്ചതായാണ് വിവരം. പൂനൈ റൂറൽ പൊലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ അറിയിച്ചതനുസരിച്ച് നിയന്ത്രണം നഷ്ടമായ വിമാനം തകർന്നുവീഴുന്നതിനിടെ സമീപത്തെ വൈദ്യുത തൂണിൽ ഇടിച്ച ശേഷം നിലംപതിക്കുകയായിരുന്നു.
ദൃക്‌സാക്ഷികളുടെ മൊഴിയിലും സമാനമായ വിവരങ്ങളാണ് ഉള്ളത്. ശക്തമായ ഇടിയിൽ വിമാനം കേടുപാടുകൾ നേരിട്ടെങ്കിലും പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






