പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ പൂർണമായും ബുക്ക് ചെയ്തിട്ടും നിരവധി തീർഥാടകർ എത്താത്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി. 50 ലക്ഷത്തിലേറെ പേരുടെ ബുക്കിങ് വിവരങ്ങളാണ് പരിശോധിക്കുന്നത്. ബുക്ക് ചെയ്തിട്ടും ദർശനത്തിന് എത്താത്തവരുടെ വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
പൊലീസ് വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പൊലീസ് വിഭാഗങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. തീർഥാടനത്തിന്റെ തുടക്കത്തിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെ വിവരങ്ങൾക്കാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
ഇതിനായി ദേവസ്വം ബോർഡിന്റെ വെബ്സൈറ്റ് വികസിപ്പിച്ച ടാറ്റ കൺസൾട്ടൻസി സർവീസസിനോട് അന്വേഷണ സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. ചെന്നൈയിലും കോയമ്പത്തൂരിലും നിന്നുള്ള ചിലർ കൂട്ടമായി ബുക്കിങ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ കേരളത്തിനകത്തും ഇത്തരത്തിൽ കൂട്ടബുക്കിങ് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
തീർഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ശബരിമലയിൽ പ്രതീക്ഷിച്ച തിരക്ക് അനുഭവപ്പെടാത്തത് അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്. തീർഥാടനകാലത്ത് ജലവിതരണം തടസ്സപ്പെടുത്താനും അന്നദാനം പ്രതിസന്ധിയിലാക്കാനും ശ്രമം നടന്നതായും വിവരങ്ങളുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.


