ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, രണ്ട് വർഷത്തേക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി നീതി ആയോഗ് പ്രഖ്യാപിച്ചെന്ന തരത്തിൽ വാർത്ത പ്രചരിച്ചു.
എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ഇന്ത്യയിൽ രണ്ട് വർഷത്തേക്ക് നിർമാണ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ഇത്തരമൊരു തീരുമാനമോ ശുപാർശയോ നീതി ആയോഗ് നൽകിയിട്ടില്ലെന്നും പി.ഐ.ബി അറിയിച്ചു.
മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയും നീതി ആയോഗ് തള്ളിയതായി അധികൃതർ വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളുടെ നിർമാണ, പുനർനിർമാണ പദ്ധതികൾ നിലവിൽ തുടരുന്നതാണെന്നും അവ നിർത്തിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും നീതി ആയോഗ് ഔദ്യോഗികമായി അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.






