തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടർ ദിവസങ്ങളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം സാധാരണയെക്കാൾ നേരത്തെ കേരളത്തിലെത്താനാണ് സാധ്യത.
മെയ് 26ഓടെ കാലവർഷം കേരള തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടാകാമെന്നും അറിയിച്ചു. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 24നാണ് കാലവർഷം കേരളത്തിലെത്തിയത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.






