കൊച്ചി: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തെന്ന കേസിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
വൈദ്യപരിശോധനയ്ക്ക് ശേഷം ടിജി മോഹൻദാസിനെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. കേസെടുത്ത് പതിനൊന്നാം ദിവസമാണ് പൊലീസ് നടപടി.
ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള ടിജി മോഹൻദാസിന്റെ പരാമർശമാണ് കേസിന് ആധാരം. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനാണ്. പിന്നാലെ നിരവധി പേരും പരാതി നൽകി.
സൈബർ സെൽ ഓപ്പറേഷൻസ് ഐജിക്കായിരുന്നു അന്വേഷണ ചുമതല. എന്നാൽ പരാതികൾ ലഭിച്ചിട്ടും കേസെടുക്കാൻ ഉണ്ടായ കാലതാമസം നേരത്തെ ചർച്ചയായിരുന്നു. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടിജി മോഹൻദാസ് നടത്തിയ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ച് ലഹളയ്ക്ക് ആഹ്വാനം ചെയ്തെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.


