പുണെ: മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിൽ ഫർണിച്ചർ മാളിന് നേരെ തോക്കുധാരികളുടെ ആക്രമണം. റാവെറ്റ് പ്രദേശത്തെ എജെ ഫർണിച്ചർ മാളിലാണ് വെള്ളിയാഴ്ച രാത്രി 9ഓടെ സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്തതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
അക്രമികൾ നിരവധി റൗണ്ട് വെടിയുതിർത്തതിനെ തുടർന്ന് സ്ഥാപനത്തിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
വെടിവയ്പ്പിന് ദിവസങ്ങൾക്ക് മുമ്പ് സ്ഥാപന ഉടമയ്ക്ക് ഭീഷണി ഫോൺ കോൾ ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവരെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പറയുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉടമയ്ക്ക് ലഭിച്ചതായും റിപ്പോർട്ടുണ്ട്. ആർസൂ ബിഷ്ണോയി, ശുഭം ലോങ്കർ എന്നിവരുടെ പേരിലുള്ള പോസ്റ്റുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബിഎൻഎസ് നിയമവും ആയുധ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിംപ്രി ചിഞ്ച്‌വാഡ് ഡിസിപി (ക്രൈം) ശിവാജി പവാർ വ്യക്തമാക്കി.






