കോഴിക്കോട്: ആളില്ലാത്ത സമയത്ത് അപ്പാർട്ട്‌മെന്റിൽ കയറി 1.3 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. വടകര റെയിൽവേ സ്റ്റേഷൻ സമീപത്തെ ഈശ്വരൻകണ്ടി അപ്പാർട്ട്‌മെന്റിലാണ് മോഷണം നടന്നത്. സുരേഷ് എന്നയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ഫോണുകൾ നഷ്ടമായത്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കരിങ്കലത്താണി താഴേക്കോട് അബ്ദുൽ ലത്തീഫ് (58), കണ്ണൂർ എടക്കാട് പൂച്ചാലിൽ പവിത്രൻ (67) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ാം തീയതി രാവിലെ 6.45ഓടെയാണ് മോഷണം നടന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച രണ്ട് ഫോണുകളും മാഹി പാലത്തിന് സമീപമുള്ള മൊബൈൽ ഷോപ്പിൽ നിന്ന് കണ്ടെത്തി. ഇരുവരുടെയും പേരിൽ മുൻപും നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





