അബുജ: ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) രണ്ടാംനിര നേതാവും പ്രധാന കമാൻഡറുമായ അബു ബിലാൽ നൈജീരിയ-അമേരിക്കൻ സൈന്യങ്ങൾ ചേർന്ന് നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഭവത്തെ സ്ഥിരീകരിച്ചു.
നൈജീരിയ, ചാഡ്, നൈജർ, കാമറൂൺ രാജ്യങ്ങളുടെ അതിർത്തികൾ പങ്കിടുന്ന ലേക്ക് ചാഡ് ബേസിനിലെ ചതുപ്പ് മേഖലയിലെ ഭീകരരുടെ ഒളിത്താവളത്തിന് നേരെയായിരുന്നു ആക്രമണം. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രിസിഷൻ സ്ട്രൈക്കിലാണ് അബു ബിലാലും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും കൊല്ലപ്പെട്ടതെന്ന് നൈജീരിയൻ സൈന്യം അറിയിച്ചു.
ഐഎസിന്റെ ആഗോള ഘടനയിലെ രണ്ടാമത്തെ ഉയർന്ന സ്ഥാനമായ ‘ഹെഡ് ഓഫ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ്സ്’ പദവിയിലായിരുന്നു അബു ബിലാൽ. 2023ൽ അമേരിക്ക ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ ബോക്കോ ഹറാമിന്റെ കമാൻഡറായിരുന്ന ഇയാൾ പിന്നീട് ഐഎസിലേക്ക് ചേർന്നതായും റിപ്പോർട്ടുകളുണ്ട്.
2018ൽ നൈജീരിയയിലെ ദാപ്ചിയിൽ നിന്ന് സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ആഫ്രിക്കയിലെ വിവിധ ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം എത്തിച്ചതിലും അബു ബിലാലിന് പങ്കുണ്ടെന്ന് നൈജീരിയൻ സൈന്യം ആരോപിച്ചു.
ഭീകരവിരുദ്ധ പോരാട്ടത്തിൽ നൈജീരിയയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ വലിയ വിജയമായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്. 2019ൽ ഐഎസ് തലവൻ അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതിന് ശേഷമുള്ള സംഘടനയുടെ ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും സുരക്ഷാ നിരീക്ഷകർ വിലയിരുത്തുന്നു.






