ഫ്ലോറിഡ: മുൻ കാമുകിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട 25കാരനെ ഫ്ലോറിഡയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഡാരെൻ ഷൗ എന്ന ഫിനാൻഷ്യൽ അനലിസ്റ്റാണ് പിടിയിലായത്. കാമുകിയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇയാൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റിയുമായി പങ്കുവെച്ചിരുന്നു. ഈ വിവരങ്ങൾ ചാറ്റ്ജിപിറ്റിയുടെ മാതൃകമ്പനിയായ OpenAI എഫ്ബിഐയ്ക്ക് കൈമാറിയതോടെയാണ് ഇയാൾ കുടുങ്ങിയത്.
ആറുമാസത്തെ പ്രണയബന്ധത്തിന് ശേഷം കാമുകി ബന്ധം അവസാനിപ്പിച്ചതോടെയാണ് ഡാരെൻ ഷൗ ചാറ്റ്ജിപിറ്റിയുമായി സംസാരിക്കാൻ തുടങ്ങിയത്. കാമുകിയെക്കുറിച്ചും, അവളുടെ ഹോബികളെക്കുറിച്ചുമൊക്കെയാണ് ഷൗ ആദ്യം സംസാരിച്ചത്. എന്നാൽ പിന്നീട് മുൻ കാമുകിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് ഇയാൾ ചാറ്റ്ജിപിറ്റിയോട് സംസാരിക്കാൻ തുടങ്ങി. ‘ഈ മാസാവസാനത്തോടെ ഞാൻ അവളെ കൊല്ലും,’ എന്നും, ‘എനിക്ക് അവളെ കിട്ടിയില്ലെങ്കിൽ വേറെ ആർക്കും അവളെ കിട്ടില്ല’ എന്നുമൊക്കെ പറഞ്ഞുവെച്ചു. അപകടം മണത്ത ചാറ്റ്ജിപിടി നേരെ പോയി പൊലീസിൽ അറിയിക്കുകയായിരുന്നു.


