തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും.
ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെയുമുള്ള ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. തിരക്ക് വർധിക്കുന്നതിനനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകളും അനുവദിക്കും.
ഇതിന് പുറമെ ബജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താൽപര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം.
ആലപ്പുഴ-ബെംഗളൂരു റൂട്ടിൽ പുതുതായി ആരംഭിച്ച വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇതിനകം ഓടിത്തുടങ്ങി. തിരുവനന്തപുരം-എറണാകുളം റൂട്ടിലെ എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ആഗസ്റ്റ് 20ന് ആരംഭിക്കും.
ബസ് വിവരങ്ങൾ അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും 9447071021 എന്ന വാട്സ്ആപ്പ് നമ്പറിൽ ‘ഹായ്’ എന്ന് സന്ദേശമയക്കാം. കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി വെബ്സൈറ്റ്, റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.


