മുംബൈ: നടി ശ്രീലീലയും ക്രിക്കറ്റ് താരം തിലക് വർമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരണം. കഴിഞ്ഞ ദിവസം ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്‌സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമാണ് ഇരുവരെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ വ്യാപകമായത്. മത്സരം കാണാൻ ശ്രീലീലയുടെ അമ്മ സ്വർണ്ണലത എത്തിയതും, തിലക് വർമയുടെ പേരുള്ള ജേഴ്‌സി നടി ധരിച്ചതായും ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
ഇതോടൊപ്പം, മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ സഹതാരം സൂര്യകുമാർ യാദവ് തമാശയായി “അവൻ പ്രണയത്തിലാണ്” എന്ന് പറഞ്ഞതും അഭ്യൂഹങ്ങൾക്ക് ശക്തി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
തുടർന്ന് ഇരുവരും പരസ്പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായി. കൂടാതെ, ഇരുവരും മുമ്പ് ക്ഷേത്ര സന്ദർശനം നടത്തിയതും ചിലർ ബന്ധിപ്പിച്ച് പ്രചരിപ്പിച്ചു. എന്നാൽ, ഈ വാർത്തകൾ ശ്രീലീലയുടെ അമ്മ ഡോ. സ്വർണ്ണലത ശക്തമായി നിഷേധിച്ചു. പ്രചരിക്കുന്നതെല്ലാം യാദൃച്ഛിക സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള തെറ്റായ വ്യാഖ്യാനങ്ങളാണെന്നും, ശ്രീലീലയുടെ ശ്രദ്ധ ഇപ്പോൾ പഠനത്തിലും അഭിനയത്തിലുമാണെന്നും അവർ വ്യക്തമാക്കി.
അടുത്ത വൃത്തങ്ങളും ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. ശ്രീലീലയും തിലക് വർമയും ഒരിക്കലും നേരിൽ കണ്ടിട്ടില്ലെന്നും, തമ്മിൽ സംസാരിച്ചിട്ടില്ലെന്നും അവർ അറിയിച്ചു. പ്രചരിക്കുന്ന കഥകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.






