അബൂദബി:സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണത്തിന് കടുത്ത നിബന്ധനകളോടെ ഏകീകൃത സമയപരിധി നിശ്ചയിച്ച് യുഎഇ ഭരണകൂടം. വേതന സംരക്ഷണ സംവിധാനം (WPS) പ്രകാരമുള്ള പുതിയ നിയമം ജൂൺ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമയബന്ധിതമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) ഈ മാസം പുതിയ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചത്. മെയ് 12-ന് കൈക്കൊണ്ട ഈ തീരുമാനത്തിലൂടെ രാജ്യത്തെ തൊഴിൽ രംഗത്ത് വലിയ സുതാര്യത കൊണ്ടുവരാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ പ്രകാരം എല്ലാ മാസവും ഒന്നാം തീയതി തന്നെ തൊഴിലുടമകൾ ജീവനക്കാർക്ക് ശമ്പളം നൽകിയിരിക്കണം. ഈ തീയതിക്ക് ശേഷം നടത്തുന്ന എല്ലാ പേയ്മെന്റുകളും ശമ്പളം വൈകിയതായി തന്നെ കണക്കാക്കും. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്വകാര്യ കമ്പനികളും അംഗീകൃത വേതന സംരക്ഷണ സംവിധാനത്തിലൂടെയോ (ഡബ്ല്യുപിഎസ്) അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മറ്റ് ഔദ്യോഗിക പേയ്മെന്റ് ചാനലുകളിലൂടെയോ മാത്രമേ വേതനം വിതരണം ചെയ്യാൻ പാടുള്ളൂ. ഇതിനൊപ്പം ശമ്പളം കൃത്യമായി വിതരണം ചെയ്തു എന്ന് സ്ഥിരീകരിക്കുന്ന രേഖകളും ഡാറ്റയും മന്ത്രാലയത്തിന്റെ നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ച് തൊഴിലുടമകൾ കൃത്യമായി സമർപ്പിക്കുകയും വേണം.
ശമ്പളം വിതരണം ചെയ്യുന്നതിൽ വരുത്തുന്ന വീഴ്ചകൾ കൃത്യമായി നിരീക്ഷിക്കാനും, നിയമം ലംഘിക്കുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി കടുത്ത ശിക്ഷാനടപടികളും പിഴകളും ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ശമ്പളം നൽകേണ്ട നിശ്ചിത സമയപരിധി കഴിഞ്ഞ് അടുത്ത ദിവസം മുതൽ തന്നെ കമ്പനികൾക്ക് മുന്നറിയിപ്പുകൾ നൽകിത്തുടങ്ങും. ശമ്പളം വൈകി അഞ്ചാം ദിവസമാകുന്നതോടെ കമ്പനിക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് മന്ത്രാലയം തടയും. വീഴ്ച വരുത്തി പതിനൊന്നാം ദിവസത്തിലേക്ക് കടന്നാൽ കമ്പനികൾക്ക് മേൽ വൻ തുക പിഴ ചുമത്തുകയും സ്ഥാപനത്തെ മൂന്നാം കാറ്റഗറിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യും.
തുടർന്നും ശമ്പളം നൽകാതെ 16 ദിവസം പിന്നിട്ടാൽ തൊഴിലാളികൾക്ക് വേണ്ടി മന്ത്രാലയം നേരിട്ട് തൊഴിൽ തർക്കം രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. 50-ൽ താഴെ തൊഴിലാളികളുള്ള ചെറിയ കമ്പനികളിൽ 21 ദിവസമായിട്ടും ശമ്പളം വിതരണം ചെയ്തിട്ടില്ലെങ്കിൽ, ജീവനക്കാർക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കും. എന്നാൽ തൊഴിലാളികളുടെ എണ്ണം അമ്പതോ അതിൽ കൂടുതലോ ആണെങ്കിൽ മന്ത്രാലയം നേരിട്ട് കൂട്ടായ തൊഴിൽ തർക്ക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. നിയമലംഘനം നടത്തുന്ന കമ്പനിയുടെ ആസ്തികൾ പിടിച്ചെടുക്കാനും സ്ഥാപന ഉടമകൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനും പുതിയ നിയമത്തിൽ കർശന വ്യവസ്ഥയുണ്ട്. രണ്ട് മാസം തുടർച്ചയായി ഇത്തരത്തിൽ നിയമലംഘനം നടത്തിയാൽ 50-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും. ആറു മാസത്തിനിടെ ഈ നിയമലംഘനം ആവർത്തിക്കുന്ന കമ്പനികൾക്കെതിരെ ഇതിലും കടുത്ത നിയമനടപടികളായിരിക്കും യുഎഇ ഭരണകൂടം സ്വീകരിക്കുക.





