ഫിഫ ലോകകപ്പിൽ ഈജിപ്റ്റിനെ അതിനാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് അർജന്റീന ടീം. നിലവിലെ ചാമ്പ്യന്മാർ കൂടിയായ മെസിപ്പടയ്ക്ക് വേണ്ടി ഫിഫയും റഫറിമാരും പക്ഷപാതം കാണിക്കുന്നു എന്ന ആക്ഷേപം കഴിഞ്ഞ ലോകകപ്പ് മുതലുണ്ട്. ഈ മത്സരത്തോടെ അത് ഒന്നുകൂടി ബലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്കാര്യമല്ല നമ്മളിപ്പോൾ പറയാൻ പോകുന്നത്. അർജന്റീനയെന്ന രാജ്യത്തെ കുറിച്ചുള്ള, അത്ര നിറപ്പകിട്ടില്ലാത്ത ഒരു ചരിത്രത്തെ കുറിച്ചാണ് ഈ വിഡിയോ.
ഇത്തവണത്തെ ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 48 ടീമുകളിൽ കറുത്ത വർഗക്കാരായ കളിക്കാർ ഇല്ലാത്ത ഏക ടീം അർജന്റീനയാണെന്ന് നിങ്ങൾക്കറിയാമോ? ഇതൊരു ലാറ്റിനമേരിക്കൻ രാജ്യമാണെന്നത് കൂടി പരിഗണിക്കുമ്പോഴാണ് ഈ കണക്കുകളുടെ ഗൗരവും മനസിലാകുക. അയൽരാജ്യങ്ങളായ ബ്രസീൽ, ഉറുഗ്വേ തുടങ്ങിയ ടീമുകളുടെ വിജയങ്ങളിൽ കറുത്ത വർഗക്കാരായ താരങ്ങൾ നിർണായക പങ്ക് വഹിക്കുമ്പോൾ, അർജന്റീന ടീമിൽ മാത്രം എന്തുകൊണ്ട് ഈ വിഭാഗത്തിന് പ്രാതിനിധ്യമില്ല എന്നത് കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് അർജന്റീന എന്ന രാജ്യത്തിന്റെ ചരിത്രത്തിൽ ബോധപൂർവം നടന്ന ചില മാറ്റങ്ങളുടെ പ്രതിഫലനമാണ്.
ഇന്ന് അർജന്റീനയിലെ ജനങ്ങളിൽ ഏകദേശം 97% യൂറോപ്യൻ കുടിയേറ്റക്കാരുടെ പിൻഗാമികളാണ്. സ്പാനിഷ്, ഇറ്റാലിയൻ സംസ്കാരങ്ങളുടെ സ്വാധീനം ഇവരുടെ ജീവിതരീതിയിലും ഭാഷയിലും പേരുകളിലും പ്രകടമാണ്. ബാക്കി വരുന്ന ചെറിയൊരു ശതമാനം തദ്ദേശീയരായ ഗോത്രവിഭാഗങ്ങളും മിശ്ര വിഭാഗങ്ങളുമാണ്. യൂറോപ്യൻ വംശജരുടേയും തദ്ദേശീയരായ റെഡ് ഇന്ത്യൻ ജനവിഭാഗങ്ങളുടേയും മിശ്രവിവാഹങ്ങളിലൂടെയുണ്ടായ തലമുറയാണിണ് മെസ്റ്റിസോകൾ. അർജന്റീനയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 39 തദ്ദേശീയ വിഭാഗങ്ങളുണ്ട്. മാപുച്ചെ, കൊള്ള, കോം, വിച്ചി തുടങ്ങിയവയാണ് ഇതിലെ പ്രധാന ഗോത്രങ്ങൾ. ബാക്കി മാത്രമാണ് ആ രാജ്യത്തെ കറുത്തവർ. ഇക്കൂട്ടത്തിലെ ഇറ്റാലിയൻ വേരുകളുള്ള ഒരാളാണ് ലണയൽ മെസി.
ഒരിക്കൽ പോലും കറുത്ത വർഗക്കാരില്ലാത്ത ഒരു രാജ്യമായിരുന്നോ അർജന്റീന? അല്ല.. അമേരിക്കൻ വൻകരയിലെ മറ്റെല്ലാ രാജ്യങ്ങളേയും പോലെ അവരുടെ വളർച്ചയിലും ചരിത്രത്തിലും കറുത്തവരുടേയും വിയർപ്പും അധ്വാനവുമുണ്ട്. എന്നാൽ പിന്നെയെന്ത് സംഭവിച്ചു? അതാണ് ആ രാജ്യത്തിന്റെ ഇരുണ്ട ചരിത്രം.
ഒരുകാലത്ത് അർജന്റീനയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം കറുത്ത വർഗക്കാരായിരുന്നു. 1778-ലെ കണക്കനുസരിച്ച് അർജന്റീനയിലെ ജനസംഖ്യയുടെ 37 ശതമാനവും കറുത്ത വർഗക്കാരായിരുന്നു. ആഫ്രിക്കൻ ജനിതക പാരമ്പര്യമുള്ള ഇവരെ മുളാറ്റകൾ എന്നാണ് പൊതുവെ വിളിക്കുക. 1810-ൽ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് കറുത്ത അടിമകളായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ജനവിഭാഗം ചരിത്രത്തിൽ നിന്ന് തന്നെ മായ്ക്കപ്പെട്ടു. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്:
- യുദ്ധങ്ങൾ: അർജന്റീനയുടെ സ്വാതന്ത്ര്യ സമരങ്ങളിലും ട്രിപ്പിൾ അല്ലയൻസ് വാർ എന്നറിയപ്പെടുന്ന പരാഗ്വേയ്‌ക്കെതിരായ യുദ്ധങ്ങളിലും കറുത്ത വർഗക്കാരായ പുരുഷന്മാരെ മുൻനിരയിൽ പടയാളികളായി ഉപയോഗിച്ചു. ഇത് ആ വിഭാഗത്തിലെ പുരുഷന്മാരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായി. ഇത് അന്നത്തെ ഭരണകൂടം മനപ്പൂർവ്വം തന്നെ നടത്തിയ ഒരു നീക്കമായിരുന്നു. കറുത്ത പുരുഷന്മാരുടെ എണ്ണം കുറയ്ക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. ഈ യുദ്ധങ്ങളിലൂടെ ധാരാളം ആഫ്രിക്കൻ വംശജരായ പുരുഷന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. പകരം സ്ത്രീകളെ വെളുത്തവരുമായി ചേർത്ത് അത്ര കറുത്തതല്ലാത്ത ഒരു മിശ്ര ജനവിഭാഗത്തെ സൃഷ്ടിക്കാനാണ് ഇവർ ആഗ്രഹിച്ചത്.
- മഞ്ഞപ്പനി അല്ലെങ്കിൽ യെല്ലോ ഫീവർ: 1871-ൽ ബ്യൂണസ് ഐറിസിലുണ്ടായ അതിഭീകരമായ മഞ്ഞപ്പനി പടർന്നുപിടിച്ചത് ദരിദ്രരായ കറുത്ത വർഗക്കാർ താമസിച്ചിരുന്ന മേഖലകളിലായിരുന്നു. കൃത്യമായ ചികിത്സയോ സൗകര്യങ്ങളോ ഇല്ലാതെ ഈ രോഗം ആ ജനവിഭാഗത്തെ തകർത്തു.
- ബോധപൂർവമായ ‘വെളുപ്പിക്കൽ’ നയം: അർജന്റീനയെ ഒരു യൂറോപ്യൻ രാജ്യമാക്കി മാറ്റാൻ ആഗ്രഹിച്ചിരുന്ന ഭരണാധികാരികൾ ബോധപൂർവം കറുത്ത വർഗക്കാരെ ചരിത്രത്തിൽ നിന്നും ജനസംഖ്യയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചു. അന്നത്തെ പ്രസിഡന്റായിരുന്ന ഡൊമിംഗോ ഫോസ്റ്റിനോ സർമിയന്റോ യൂറോപ്യൻ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും കറുത്ത വർഗക്കാരെ പാർശ്വവൽക്കരിക്കുകയും ചെയ്തു. യൂറോപ്യരെ ആകർഷിക്കാൻ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്തു. അതോടെ വൻ തോതിൽ യൂറോപ്യൻ കുടിയേറ്റം സംഭവിച്ചു.
കറുത്ത വർഗക്കാരെ ജനസംഖ്യയിൽ നിന്ന് ഒഴിവാക്കിയെങ്കിലും അർജന്റീനയുടെ സംസ്കാരത്തിൽ അവരുടെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അർജന്റീനയുടെ അഭിമാനമായ ടാങ്കോ’ നൃത്തത്തിന്റെ വേരുകൾ ആഫ്രിക്കൻ വംശജരിൽ നിന്നുള്ളതാണ്. അതുപോലെ ‘കാൻഡോംബെ’ (Candombe) എന്ന സംഗീത രൂപവും കറുത്ത വർഗക്കാരുടെ പൈതൃകമാണ്.
ഇങ്ങനെയൊക്കെ പറയുമ്പോഴും അർജന്റീന ടീമിൽ കറുത്ത വർഗക്കാർ കളിച്ചിട്ടേയില്ല എന്നല്ല അർത്ഥം. എന്നാൽ അവരുടെ എണ്ണം വിരലിലെണ്ണാവുന്നത്ര കുറവാണ് എന്ന് മാത്രം. അക്കൂട്ടത്തിലെ പ്രധാനികളിലൊരാളാണ് അലജാന്ദ്രോ ഡെലോ സാന്റോസ്. 1920കളിൽ അർജന്റീനയുടെ ദേശീയ ടീമിൽ കളിച്ച ആദ്യത്തെ കറുത്ത വർഗക്കാരനാണ് ഇദ്ദേഹം. ഫോർവേഡ് പൊസിഷനിൽ കളിച്ചിരുന്ന അദ്ദേഹം ടീമിനായി അഞ്ച് മത്സരങ്ങൾ ബൂട്ടു കെട്ടിയിട്ടുണ്ട്.
മറ്റൊരാൾ ഹെക്ടർ ബാലി. 1978-ൽ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഗോൾകീപ്പറായിരുന്നു ഇദ്ദേഹം. എന്നാൽ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ അല്ലാതിരുന്നതിനാൽ അദ്ദേഹത്തിന് കളത്തിൽ ഇറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.
ഒപ്പം തദ്ദേശീയരായ വിഗാങ്ങളും കറുത്തവരുമായി മിക്സ് ആയ വിഭാഗങ്ങളാണ്. ഇതിഹാസം ഡീഗോ മറഡോണ, റിക്വൽമി അടക്കമുള്ളവർ ഇക്കൂട്ടത്തിൽ പെട്ടവരാണ്. സെബാസ്റ്റ്യൻ വെറോണാണ് മറ്റൊരു താരം.
ഇന്ന് അർജന്റീനയിൽ കറുത്ത വർഗക്കാർ ഇല്ല എന്ന് പറയുന്നത് സത്യത്തിൽ അവിടെ സംഭവിച്ചത് കുറച്ചുകൂടി സങ്കീർണമായൊരു വർഗ മിശ്രണമാണ്. കറുത്ത വംശപരമ്പരയെ വെളുത്ത വർഗക്കാരിലേക്ക് ലയിപ്പിക്കുകയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. “ആഫ്രിക്കൻ മരം വെളുത്ത പൂക്കൾ ഉൽപാദിപ്പിക്കുന്നു” എന്നാണ് ഇതിനെക്കുറിച്ച് ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വംശീയമായ ഈ കാര്യങ്ങളാണ് അർജന്റീനയുടെ ഫുട്ബോൾ അടക്കമുള്ള സ്പോർട്സ് ടീമുകളിലും സംഭവിക്കുന്നത്. കടുത്ത വംശീയതയുടെ പേരിൽ അൽപ്പം കുപ്രസിദ്ധിയുള്ള രാജ്യം കൂടിയാണ് ഈ അർജന്റീന എന്ന സത്യം കൂടി ഇവിടെ പറഞ്ഞുവെക്കുന്നു.



