ഭോപ്പാൽ: മധ്യപ്രദേശിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച യുവതിയുടെ നാല് നവജാത ശിശുക്കളും മരിച്ചു. ഏഴാം മാസത്തിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ പ്രസവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞും രക്ഷിക്കാനായില്ല. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മണ്ഡ്ല ജില്ലയിലെ രജനി സിംഗാരാമിനാണ് നാല് കുഞ്ഞുങ്ങൾ ജനിച്ചത്. പ്രസവവേദന ശക്തമായതിനെ തുടർന്ന് ആദ്യം ഘൂട്ടാസ് സർക്കാർ ആരോഗ്യകേന്ദ്രത്തിലെത്തിച്ച യുവതിയെ ആരോഗ്യനില ഗുരുതരമായതിനാൽ ബിച്ചിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ആംബുലൻസ് സമയത്ത് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിലാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ ഓട്ടോറിക്ഷയിൽ വെച്ച് പ്രസവം നടക്കുകയും നാല് കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു. പ്രസവകാലം പൂർത്തിയാകും മുമ്പാണ് കുട്ടികൾ ജനിച്ചതെന്നും ജനനസമയത്ത് തൂക്കം വളരെ കുറവായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചെങ്കിലും നാല് നവജാത ശിശുക്കളെയും രക്ഷിക്കാനായില്ല.
സമയബന്ധിതമായി ആംബുലൻസ് ലഭിച്ചിരുന്നെങ്കിൽ കുഞ്ഞുങ്ങളെ രക്ഷിക്കാനാകുമായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് ഗണേഷ് സിംഗാരാം ആരോപിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് മണ്ഡ്ല ജില്ലാ കളക്ടർ രാഹുൽ നാംദേവ് ധോട്ടെ അറിയിച്ചു. പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




