തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. അദാനി ഗ്രൂപ്പ് സർക്കാരിന് നൽകിയ കത്തിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടോയെന്നും കത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും, കരാർ ലംഘനം സംബന്ധിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതരെ സർക്കാർ അറിയിച്ചിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും കത്തിൽ പരാമർശിക്കുന്നു.
കേരള സർക്കാർ അറിയാതെയാണോ അദാനി ഗ്രൂപ്പ് സെബിയുമായി കരാർ ഒപ്പിട്ടതെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കരാർ ലംഘനമാണോയെന്നും കത്തിൽ ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ നിയമനടപടികളോ നിയമോപദേശമോ തേടിയിട്ടുണ്ടോയെന്നും വിശദീകരണം ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പ് ആദ്യം ഒരു അപേക്ഷയും പിന്നീട് തിരുത്തലുകളോടെ മറ്റൊരു അപേക്ഷയും നൽകിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇതിലെ യാഥാർഥ്യം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ജൂൺ 29ന് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സെബിക്ക് കത്ത് നൽകിയതായും, അതിന്റെ വിവരം പിന്നീട് പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്. ജൂലൈ 1ന് നിയമസഭയിൽ വിഷയം ഉയർന്നപ്പോൾ സർക്കാരിന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി എംഎസ്‌സിയുടെ ടെർമിനൽ വിഭാഗമായ ടിഐഎൽ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളാണ് നിലവിൽ ചർച്ചയാകുന്നത്. ഏകദേശം 27,000 കോടി രൂപ മൂല്യമുള്ള പദ്ധതിയിലൂടെ 2028ഓടെ തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 57 ലക്ഷം ടി.ഇ.യുവായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 16 ലക്ഷം ടി.ഇ.യു ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്.











