ഡെറാഡൂൺ: യോഗ് നഗരി ഋഷികേശ് റെയിൽവേ സ്റ്റേഷന് സമീപം ഖണ്ഡ് ഗാവ് പ്രദേശത്ത് ഉജ്ജയിനി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. തിങ്കളാഴ്ച രാത്രി 9.40ഓടെ ട്രെയിൻ യാർഡിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇൻഡോറിലെ ലക്ഷ്മിബായ് നഗറും യോഗ് നഗരി ഋഷികേശും തമ്മിൽ സർവീസ് നടത്തുന്ന ട്രെയിനാണ് ഉജ്ജയിനി എക്സ്പ്രസ്. ഷണ്ടിങ് ലൈൻ അവസാനിക്കുന്ന ഭാഗത്തെ ഡെഡ് എൻഡ് ബഫറിലേക്ക് എൻജിൻ ശക്തമായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ കോച്ചുകൾക്ക് സമ്മർദ്ദം വർധിക്കുകയും ഒരു കോച്ച് പാളത്തിൽ നിന്ന് പുറത്തേക്ക് തെറിക്കുകയും മറ്റൊരു കോച്ച് മധ്യഭാഗത്ത് തകരുകയും ചെയ്തു. മൂന്ന് കോച്ചുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
രാജ്യത്ത് റെയിൽവേ അപകടങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാരിൽ ആശങ്ക ഉയർത്തുന്നു. അടുത്തിടെ തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസിലും, ബിഹാറിലെ സസാറാം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിലും തീപിടിത്തമുണ്ടായിരുന്നു. ട്രാക്ക് തെറ്റലും തീപിടിത്തവും ഉൾപ്പെടെയുള്ള സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളെയും അറ്റകുറ്റപ്പണികളെയും വീണ്ടും ചർച്ചയാക്കുകയാണ്.






