റാഞ്ചി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് തിരിച്ചടിയായി ജാർഖണ്ഡ് മുക്തി മോർച്ചയുടെ നിലപാട്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. ഡിഎംകെയുടെ നിലപാട് മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പ്രതിപക്ഷത്തിന് പുതിയ വെല്ലുവിളിയായി ജെഎംഎമ്മിന്റെ നിലപാട് പുറത്തുവരുന്നത്.
അതേസമയം, മണ്ഡല പുനർനിർണയ ബില്ലിലും വനിതാ സംവരണ ബില്ലിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജെഎംഎം വ്യക്തമാക്കി. ബില്ലുകൾ വിശദമായി പരിശോധിച്ച ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കുമെന്നാണ് പാർട്ടിയുടെ വിശദീകരണം. ജാർഖണ്ഡിന്റെ താൽപര്യങ്ങളെയും പാർലമെന്റിലെ സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തെയും നിർദേശങ്ങൾ എങ്ങനെ ബാധിക്കുമെന്നത് വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.
ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ശനിയാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ജെഎംഎം എംപിമാരുടെ യോഗം ചേർന്നിരുന്നു. സംസ്ഥാനത്തിന്റെ പാർലമെന്റിലെ പ്രാതിനിധ്യവും പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ എണ്ണവും യോഗം പ്രധാനമായും ചർച്ച ചെയ്തു.
ബില്ലുകളുടെ പകർപ്പ് വെള്ളിയാഴ്ച രാത്രിയാണ് ലഭിച്ചതെന്നും വിശദമായി പഠിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും രാജ്യസഭാ എംപി മഹുവ മാജി പറഞ്ഞു. വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായവും മുഖ്യമന്ത്രി തേടുമെന്നും അവർ വ്യക്തമാക്കി.
രാജ്യസഭാ എംപിമാരായ സർഫ്രാസ് അഹമ്മദ്, ബൈദ്യനാഥ് റാം, ലോക്‌സഭാ എംപിമാരായ വിജയ് ഹൻസ്ദാക്, ജോബ മാഞ്ചി, നളിൻ സോറൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജെഎംഎമ്മിന് ആറ് എംപിമാരാണുള്ളത്. ലോക്‌സഭയിലും രാജ്യസഭയിലും മൂന്ന് വീതം അംഗങ്ങളാണ് പാർട്ടിക്കുള്ളത്.
അതിനിടെ, ഡിഎംകെയുടെ നിലപാട് പുനഃപരിശോധിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതാക്കളുടെ സംഘം ചെന്നൈയിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്നത്.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരും സംഘത്തിലുണ്ട്. ഡിഎംകെയുടെ നിലപാടിൽ മാറ്റമുണ്ടാക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ബില്ലിനെതിരായ പിന്തുണ ഉറപ്പാക്കാൻ എൻസിപി (ശരദ് ചന്ദ്ര പവാർ) അധ്യക്ഷൻ ശരദ് പവാറുമായും കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനായി സംഘം മുംബൈയിലേക്ക് പോകും.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിലപാടിൽ മാറ്റം വരുത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ തുടരുകയാണ്. ഡിഎംകെയുടെ നിലപാട് കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ അറിയിച്ചിട്ടുണ്ടെന്ന് എംപി കനിമൊഴി വ്യക്തമാക്കിയിരുന്നു.
ലോക്‌സഭയിൽ 22 അംഗങ്ങളും രാജ്യസഭയിൽ എട്ട് അംഗങ്ങളുമുള്ള ഡിഎംകെയുടെ നിലപാട് ബില്ലിന്റെ കാര്യത്തിൽ നിർണായകമാണ്. ജെഎംഎമ്മും ബില്ലിനെ പിന്തുണയ്ക്കുകയാണെങ്കിൽ പ്രതിപക്ഷത്തിന്റെ ഐക്യനീക്കങ്ങൾക്ക് കൂടുതൽ വെല്ലുവിളിയാകും. ബില്ലിനെക്കുറിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളാണ് ഇതോടെ വീണ്ടും ചർച്ചയാകുന്നത്.


