ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെ നിലപാടിനെച്ചൊല്ലി കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിൽ കോൺഗ്രസ് വിരുദ്ധ പോസ്റ്ററുകളുമായി പ്രതിഷേധം. ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ സ്റ്റാലിനെ സന്ദർശിക്കാനിരിക്കെയാണ് ‘ഗോ ബാക്ക് കോൺഗ്രസ്’ മുദ്രാവാക്യമുയർത്തിയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഒരു യുവതി പോസ്റ്ററുമായി നിൽക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെയുടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ സ്റ്റാലിനെ ബോധ്യപ്പെടുത്തുകയാണ് കോൺഗ്രസ് നേതാക്കളുടെ സന്ദർശനത്തിന്റെ ലക്ഷ്യം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന സംഘമാണ് ചെന്നൈയിലെത്തിയത്.
ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഡി.എം.കെ എടുക്കുന്ന ഓരോ തീരുമാനവും തമിഴ്നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചരിത്രം തങ്ങളെ ‘എട്ടപ്പന്മാരായി’ അല്ല, ‘കട്ടബൊമ്മന്മാരായി’ ആയിരിക്കും വിലയിരുത്തുകയെന്നും സ്റ്റാലിൻ പ്രത്യാശ പ്രകടിപ്പിച്ചു.
പരിഷ്കരിച്ച ബില്ലിൽ ഡി.എം.കെയുടെ രണ്ട് പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതാണ് നിലപാട് മാറ്റത്തിന് കാരണമെന്നാണ് സ്റ്റാലിന്റെ വിശദീകരണം. 22 ലോക്സഭാ എം.പിമാരും എട്ട് രാജ്യസഭാ എം.പിമാരുമുള്ള ഡി.എം.കെ നേരത്തെ ബില്ലിന്റെ പകർപ്പ് കത്തിച്ച് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പുതിയ ഭേദഗതികൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ഡി.എം.കെയുടെയും നിരന്തര പോരാട്ടത്തിന്റെ വിജയമാണെന്നും സ്റ്റാലിൻ വിശേഷിപ്പിച്ചു.
അതേസമയം, ഭരണഘടനാ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്താൻ ഡി.എം.കെ ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി എക്സിലൂടെയായിരുന്നു രാഹുലിന്റെ അഭ്യർഥന. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സ്റ്റാലിൻ എന്നും ഉറച്ചുനിന്നിട്ടുണ്ടെന്നും തമിഴ്നാടിന്റെ താൽപര്യവും ഭരണഘടനയും സംരക്ഷിക്കാൻ ബില്ലിനെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഓഗസ്റ്റ് മൂന്നിന് നടത്തിയ പ്രസ്താവനയിൽ മണ്ഡല പുനർനിർണയത്തെ പിന്തുണയ്ക്കുന്നവർ തമിഴ്നാടിനെയും ജനങ്ങളെയും ഒറ്റിക്കൊടുക്കുകയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ആർ.എസ്.എസിനും ബി.ജെ.പിക്കും ജനങ്ങളെ ആക്രമിക്കാൻ അവസരമൊരുക്കുന്ന നിലപാടാണിതെന്നും അദ്ദേഹം വിമർശിച്ചു. അന്ന് ഇത്തരക്കാരെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എട്ടപ്പന്മാർ’ എന്നും രാഹുൽ വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്റ്റാലിന്റെ ‘എട്ടപ്പൻ’ പരാമർശം വിലയിരുത്തപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട്ടിൽ ഡി.എം.കെയുമായുള്ള സഖ്യം കോൺഗ്രസ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് സി. ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് ഭരണസഖ്യത്തിന്റെ ഭാഗമായി. ഇതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. പരസ്പരം വിമർശനങ്ങൾ തുടരുന്നതിനിടെയാണ് മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട തർക്കവും പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.


