ന്യൂഡൽഹി: ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 815 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അംഗബലം വർധിപ്പിക്കുന്നത് പാർലമെന്റിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നും എംപിമാർക്ക് സഭയിലെ ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 540 അംഗങ്ങളുള്ള ലോക്സഭയിൽത്തന്നെ എംപിമാർക്ക് സംസാരിക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണം 815 ആയി ഉയർന്നാൽ സഭയുടെ പ്രവർത്തനം എങ്ങനെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നയത്തിന് പിന്നിലെ ലക്ഷ്യത്തെയും തരൂർ ചോദ്യം ചെയ്തു. സർക്കാർ രാജ്യത്തിന്റെ ക്ഷേമം മുൻനിർത്തിയാണോ അതോ ഹ്രസ്വകാല രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനാണോ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും സീറോ അവറിൽ സംസാരിക്കാനുമുള്ള അവസരങ്ങൾ നിലവിൽത്തന്നെ പരിമിതമാണ്. അംഗബലം വർധിച്ചാൽ എംപിമാർക്ക് സഭയിൽ കാര്യമായ ഇടപെടലുകൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും കൈയടിക്കാൻ മാത്രം എത്തുന്നവരായി എംപിമാർ മാറുമെന്നും തരൂർ വിമർശിച്ചു.
അതേസമയം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ നവംബർ 30ന് ഭരണഘടനാ (132-ാം ഭേദഗതി) ബിൽ, 2026 ലോക്സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ലോക്സഭയിലെ പരമാവധി അംഗബലം 850 ആയി ഉയർത്തുകയാണ് ബില്ലിന്റെ ലക്ഷ്യം.
ഇതനുസരിച്ച് സംസ്ഥാനങ്ങളിൽനിന്ന് 815 പ്രതിനിധികളും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 35 പ്രതിനിധികളും ഉൾപ്പെടുന്ന തരത്തിലാണ് അംഗബലം വർധിപ്പിക്കാൻ നിർദേശം. നിലവിലുള്ള ലോക്സഭാ സീറ്റുകളിൽ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും 50 ശതമാനം ഏകീകൃത വർധനയാണ് ബില്ലിലൂടെ നിർദേശിക്കുന്നത്.
ഇതിനുപുറമെ സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ എണ്ണത്തിലും വർധനയുണ്ടാകും. മണ്ഡല പുനർനിർണയവും ലോക്സഭയിലെ അംഗബലം വർധിപ്പിക്കാനുള്ള നീക്കവും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെയാണ് ശശി തരൂരിന്റെ വിമർശനം.



