ന്യൂയോർക്ക്: അമേരിക്കയിലെ തിരക്കേറിയ ലാഗ്വേർഡിയ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം താറുമാറായി. സുരക്ഷാ കാരണങ്ങളാൽ റൺവേ അടിയന്തരമായി അടച്ചതോടെ നൂറുകണക്കിന് ആഭ്യന്തര-അന്തർദേശീയ സർവീസുകൾ റദ്ദാക്കേണ്ടിവന്നു.
അവധിക്കാല തിരക്കിനിടെയുണ്ടായ ഈ പ്രതിസന്ധി ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു. പതിവ് പരിശോധനയ്ക്കിടെയാണ് റൺവേയ്ക്ക് സമീപം അപകടകരമായ രീതിയിൽ മണ്ണ് ഇടിഞ്ഞുതാഴ്ന്നതായി അധികൃതർ കണ്ടെത്തിയത്.
നിലവിൽ വിമാനത്താവളത്തിൽ ഒരു റൺവേ മാത്രമാണ് പ്രവർത്തിക്കുന്നത്. മോശം കാലാവസ്ഥയും യാത്രക്കാരുടെ തിരക്കും സ്ഥിതി കൂടുതൽ സങ്കീർണമാക്കി.
കടൽ നികത്തിയ മണ്ണിലുണ്ടായ മാറ്റങ്ങളാകാം ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. റൺവേയിലെ അടിയന്തര അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.






