ടെഹ്റാൻ: ഇറാൻ–അമേരിക്ക ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾക്കിടയിൽ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇറാനിലേക്ക് പോകുന്നതായി റിപ്പോർട്ട്. ഇതിനുമുമ്പ് പാക് ആഭ്യന്തര മന്ത്രിയും ഇറാൻ സന്ദർശിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾക്ക് സാധ്യത തെളിഞ്ഞാൽ അസീം മുനീർ ഇറാനിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കൽ, നാവിക ഉപരോധം നീക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ ഉൾപ്പെടും എന്നാണ് സൂചന.
ഇറാൻ, യുഎസ് ആവശ്യങ്ങൾ അംഗീകരിച്ചാൽ യൂറേനിയം ശേഖരം കൈമാറൽ, ആണവ പദ്ധതികൾ ചുരുക്കൽ എന്നിവയ്ക്ക് തയ്യാറാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളുടെ 25 ശതമാനം വിട്ടുനൽകാനും എണ്ണ ഉപരോധത്തിൽ താൽക്കാലിക ഇളവുകൾ നൽകാനും സാധ്യതയുണ്ടെന്ന് ഇറാൻ അനുകൂല വൃത്തങ്ങൾ അവകാശപ്പെടുന്നു.
അതേസമയം ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കി ഇറാൻ പുതിയ മാപ്പ് പുറത്തിറക്കിയതായി റിപ്പോർട്ടുണ്ട്. യുഎഇയുടെ ഫുജൈറ തീരം ഉൾപ്പെടെ ചില പ്രദേശങ്ങളും തങ്ങളുടെ മേൽനോട്ട പരിധിയിലാണെന്ന് ഇറാൻ അവകാശപ്പെടുന്നത് പ്രതിഷേധത്തിന് കാരണമായേക്കും. കപ്പലുകൾ ഇറാന്റെ നിർദേശങ്ങൾ അനുസരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇറാൻ–അമേരിക്ക ചർച്ചകളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൂടേറിയ ഫോൺ സംഭാഷണം നടന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഹോർമൂസ് മേഖലയിൽ നടക്കുന്ന പുതിയ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സംഘർഷങ്ങൾക്ക് ഇടയാക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.






