നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സായ ഭാര്യയും ആൺസുഹൃത്തും മറ്റൊരു സുഹൃത്തും അറസ്റ്റിലായി. സന്ധ്യ, ആൺസുഹൃത്തായ അനിൽ, വെങ്കട്ട് സായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ബന്ധത്തെ തുടർന്നുണ്ടായ ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
പൊലീസ് പറയുന്നതനുസരിച്ച്, ഗൾഫിൽ ജോലി ചെയ്തിരുന്ന പ്രശാന്ത് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭാര്യ സന്ധ്യയും അനിലും തമ്മിലുള്ള ബന്ധത്തെ ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് പ്രശാന്തിനെ ഒഴിവാക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ പ്രശാന്തിനെ അമിതമായി മദ്യപിപ്പിച്ച ശേഷം അനിലും വെങ്കട്ട് സായിയും ചേർന്ന് മർദിക്കുകയും വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രശാന്ത് മരിച്ചിരുന്നില്ല. മദ്യലഹരിയിൽ അബദ്ധത്തിൽ താഴേക്ക് വീണതാണെന്നായിരുന്നു പ്രതികൾ നൽകിയ വിശദീകരണം.
തുടർന്ന് ചികിത്സയിലായിരുന്ന പ്രശാന്തിനെ ആശുപത്രിയിൽവെച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന സന്ധ്യ, ഭർത്താവിന്റെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ചതായും ഇതാണ് മരണകാരണമെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പ്രശാന്തിന്റെ മരണത്തിൽ ദുരൂഹത തോന്നിയ മാതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായത്. അന്വേഷണത്തിനിടെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ആദ്യ കൊലശ്രമത്തിൽ പ്രശാന്തിനെ ടെറസിൽ നിന്ന് തള്ളിയിടാൻ സഹായിച്ചതായി വെങ്കട്ട് സായി മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.
മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസിൽ ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള തുടർ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


