മേപ്പാടി: വയനാട് മേപ്പാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ മന്ത്രിമാരോട് ജില്ലയിലേക്ക് എത്താൻ നിർദേശം. മുഖ്യമന്ത്രി വി.ഡി. സതീശൻ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശവും നൽകി.
റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. വാഹനങ്ങൾ ഉൾപ്പെടെ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
തുരങ്കപാത നിർമാണത്തിനായി നിർമിച്ചിരുന്ന കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിൽ അതിതീവ്ര മഴ ലഭിച്ചിരുന്നു.
നിർമാണ തൊഴിലാളികളും റോഡിലുണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് ആശങ്ക. ഒരാളെ രക്ഷപ്പെടുത്തിയതായി വിവരമുണ്ട്.
കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ സഹായവും തേടിയിട്ടുണ്ട്.
സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.


