മാഞ്ചെസ്റ്റർ സിറ്റിയുടെ പരിശീലകസ്ഥാനത്ത് നിന്ന് പെപ് ഗാർഡിയോള പടിയിറങ്ങുന്നു. ഞായറാഴ്ച ആസ്റ്റൺ വില്ലയ്ക്കെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന് ശേഷമാകും സ്ഥാനമൊഴിയുക എന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2016-ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ പെപ് ഗാർഡിയോള ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ കീഴിൽ സിറ്റി ആറുതവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി. ക്ലബ്ബിന്റെ ആദ്യ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും പെപ്പിന്റെ നേതൃത്വത്തിലായിരുന്നു
അതിനൊപ്പം അഞ്ച് ലീഗ് കപ്പുകളും മൂന്ന് എഫ്.എ കപ്പുകളും കമ്മ്യൂണിറ്റി ഷീൽഡും സിറ്റി സ്വന്തമാക്കി. ആകെ 20 കിരീട നേട്ടങ്ങളിൽ പെപ് നിർണായക പങ്കുവഹിച്ചു.
ബാഴ്‌സലോണയുടെ മുൻ മധ്യനിര താരമായിരുന്ന ഗാർഡിയോള പരിശീലക ജീവിതം ആരംഭിച്ചതും ബാഴ്‌സയിലാണ്. പിന്നീട് ബയേൺ മ്യൂണിക്കിന്റെയും പരിശീലകനായും പ്രവർത്തിച്ചു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായി പരിഗണിക്കപ്പെടുന്ന പെപ് ഗാർഡിയോളയുടെ പടിയിറക്കം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.






