മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബായാറിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെ പിക്കപ്പിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നതായി പരാതിയിൽ പറയുന്നു.
ഇതിൽ ഒരു ബൈക്ക് പിക്കപ്പിന് മുന്നിൽ കയറി വാഹനം തടഞ്ഞു. ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡ്രൈവർ പൊലീസിനോട് പറഞ്ഞു. മറ്റൊരു ബൈക്ക് നിർത്താതെ പോയതായും പരാതിയിലുണ്ട്.
സംഭവത്തെ തുടർന്ന് ഇബ്രാഹിം ഖലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനീത് ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






