കൊച്ചി: മുവാറ്റുപുഴ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി-57) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി (28)ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം ഏകദേശം 4.30-ഓടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്‌ഷോപ്പിലെ ജീവനക്കാരായ ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അതിനിടെ അമിത വേഗത്തിൽ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
അപകടത്തിൽ ബിജുകുമാർ ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് അദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ഹരി ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ബിജുകുമാറിന്റെ ഭാര്യ ഷൈനിയാണ്. മക്കൾ: അഞ്ജിത, അഞ്ജന.






