തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായി തുടരുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം. ജൂണ്‍ ആദ്യവാരത്തോടെ കാലവര്‍ഷം സജീവമാകാനാണ് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറന്‍ കാറ്റിന്റെ കേരളത്തിലേക്കുള്ള സഞ്ചാരത്തെ ബാധിച്ചതാണ് മഴക്കാലത്തിന്റെ പ്രവേശനം വൈകാന്‍ കാരണമായത്.
ഈ ചക്രവാതച്ചുഴി ദുര്‍ബലമാകുകയോ പടിഞ്ഞാറോട്ട് നീങ്ങുകയോ ചെയ്താല്‍ മാത്രമേ കാലവര്‍ഷം കേരളത്തിലേക്ക് എത്താനുള്ള സാഹചര്യം രൂപപ്പെടുകയുള്ളുവെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. നേരത്തെ മെയ് 26ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.




