നാളെ ആകാശത്ത് നോക്കിയാൽ ചന്ദ്രവിസ്മയം കാണാം. വാനനിരീക്ഷകരെ കാത്തിരിക്കുന്നത് അപൂർവ ആകാശവിസ്മയം. ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന ‘ബ്ലൂ മൂൺ’ പ്രതിഭാസമാണ് നാളെ നടക്കുക. എന്നാൽ ഇത്തവണത്തെ ചന്ദ്രന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഇത് 2026ലെ ഏറ്റവും ചെറിയ പൂർണചന്ദ്രനായ ‘മൈക്രോമൂൺ’ കൂടിയാണിത്.
ഒരു കലണ്ടർ മാസത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ പൂർണചന്ദ്രനെയാണ് സാധാരണയായി ‘ബ്ലൂ മൂൺ’ എന്ന് വിളിക്കുന്നത്. ഒരു പൂർണചന്ദ്രനിൽ നിന്ന് അടുത്ത പൂർണചന്ദ്രനിലേക്കുള്ള ചാന്ദ്ര ചക്രം ഏകദേശം 29.5 ദിവസമാണ്. അതിനാൽ, ഒരു മാസത്തിന്റെ തുടക്കത്തിൽ ആദ്യ പൂർണചന്ദ്രൻ വന്നാൽ, ആ മാസത്തിന്റെ അവസാനം രണ്ടാമതൊരു പൂർണചന്ദ്രൻ വന്നേക്കാം. മെയ് 1നായിരുന്നു ഈ മാസത്തെ ആദ്യ പൂർണചന്ദ്രൻ. നാളെ ഈ അപൂർവ കാഴ്ച കാണാൻ സാധിച്ചില്ലെങ്കിൽ അടുത്തൊരു ബ്ലൂ മൂൺ കാണാൻ 2028 ഡിസംബർ 31 വരെ കാത്തിരിക്കേണ്ടി വരും.
എന്താണ് മൈക്രോമൂൺ?
ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവിൽ എത്തുമ്പോൾ സംഭവിക്കുന്ന പൂർണചന്ദ്രനെയാണ് മൈക്രോമൂൺ എന്ന് വിളിക്കുന്നത്. സാധാരണയായി ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 238,855 മൈൽ അകലെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ വാരാന്ത്യത്തിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് 252,334 മൈൽ അകലെയായിരിക്കും. അതിനാൽ സാധാരണ പൂർണചന്ദ്രനേക്കാൾ അല്പം ചെറുതായും മങ്ങിയതുമായിരിക്കും ഇത് ആകാശത്ത് കാണപ്പെടുക.
എവിടെ, എപ്പോൾ കാണാം?
കാലാവസ്ഥ അനുകൂലമാണെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ കാണാം. ആകാശത്ത് തെക്കുകിഴക്ക് ദിശയിലേക്ക് നോക്കിയാൽ, ചക്രവാളത്തിന് മുകളിലായി ‘സ്കോർപിയസ്’ നക്ഷത്രസമൂഹത്തിലെ തിളക്കമുള്ള ചുവന്ന നക്ഷത്രമായ ‘അന്റാരെസിന്’ അരികിലായി കാണാം.
അമേരിക്ക, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലുള്ളവർക്ക് ഇന്ന് രാത്രിയിലാണ് ചന്ദ്രൻ അതിന്റെ പൂർണ ഘട്ടത്തിൽ എത്തുക. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും ഉള്ളവർക്ക് നാളെ, മേയ് 31ന് രാത്രിയിലാണ് ഈ പൂർണചന്ദ്രൻ അതിന്റെ ഏറ്റവും തിളക്കമുള്ള ശോഭയിൽ ദൃശ്യമാകുക.






