കോട്ടയം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ പരിഹസിച്ച് കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. ‘നാടൻപാട്ട് നിർത്തി നാടൻ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’ എന്നായിരുന്നു വസന്ത് സിറിയക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാട്ടുപാടുന്നതുപോലെ എളുപ്പമല്ല പാർട്ടിക്കാരെ കൂടെ നിർത്താനെന്നും അദ്ദേഹം കുറിച്ചു.
രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രംഗത്തെത്തി. ‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ’ എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്. എംഎൽഎയുടെ പേര് പരാമർശിക്കാതെയായിരുന്നു പരിഹാസം.
അതേസമയം, ചിറയിൻകീഴിലെ സംഘർഷത്തിൽ കെപിസിസി നടപടി സ്വീകരിച്ചു. രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കെപിസിസി ജനറൽ സെക്രട്ടറി സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് ഉൾപ്പെടെയുള്ളവരുടെ മൊഴി അന്വേഷണ സമിതി രേഖപ്പെടുത്തി. രമ്യ ഹരിദാസ് എം.എം. ഹസ്സനുമായി ഫോണിൽ സംസാരിച്ചാണ് വിശദീകരണം നൽകിയത്. പാളയം പ്രദീപ്, സജാദ്, പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം എന്നിവരിൽനിന്നും സമിതി മൊഴിയെടുത്തു.
അതേസമയം, ചിറയിൻകീഴിലെ സംഘർഷത്തിൽ ദേശീയ പട്ടികജാതി കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തിലെ തുടർനടപടികൾ ഏഴ് ദിവസത്തിനകം അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കമ്മീഷൻ നിർദേശം നൽകി.
കെപിസിസി ജനറൽ സെക്രട്ടറി സജാദിന്റെ വീട്ടിൽവെച്ചാണ് രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് വിഭാഗങ്ങളായി മത്സരിച്ചിരുന്നെന്നും വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നെന്നും എംഎൽഎ പറഞ്ഞു.
എന്നാൽ, രമ്യ ഹരിദാസ് തന്നെ മർദിച്ചെന്നായിരുന്നു പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിന്റെ ആരോപണം. എംഎൽഎ തന്റെ കൈ പിടിച്ച് തിരിക്കുകയും ‘വിടെടാ’ എന്ന് ബഹളം വയ്ക്കുകയും ചെയ്തെന്നാണ് സജിത്തിന്റെ ആരോപണം. പാളയം പ്രദീപിന്റെ മണ്ഡലത്തിലെ ഇടപെടലുകളെച്ചൊല്ലിയും പ്രാദേശിക തലത്തിൽ അതൃപ്തിയുണ്ടായിരുന്നുവെന്നും സജിത്ത് ആരോപിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കൾക്കിടയിൽ ഉണ്ടായ അമർഷമാണ് തർക്കത്തിന് പിന്നിലെന്നാണ് വിവരം. ഇതേക്കുറിച്ച് സംസാരിക്കാനാണ് രമ്യ ഹരിദാസും പാളയം പ്രദീപും സജാദിന്റെ വീട്ടിലെത്തിയത്. വിവരമറിഞ്ഞ് സജിത്ത് അടക്കമുള്ള പ്രവർത്തകരും സ്ഥലത്തെത്തിയതോടെ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളുമുണ്ടാകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് കെപിസിസിയുടെ നടപടി.


