ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി.
സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയും രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. പുരുഷ വിദ്യാർഥികൾക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം നൽകിയിരുന്ന ‘ഹോസ്റ്റൽ ഡേസ്’ എന്ന കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം പേരും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടമുണ്ടായതിന് പിന്നാലെ ഫയർഫോഴ്സ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
മുൻകരുതലിന്റെ ഭാഗമായി സമീപത്തെ ഒരു കെട്ടിടം ഒഴിപ്പിച്ചതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (DDMA), ദേശീയ ദുരന്ത പ്രതികരണ സേന (NDRF), സെൻട്രലൈസ്ഡ് ആക്സിഡന്റ് ആൻഡ് ട്രോമാ സർവീസസ് (CATS), സിവിൽ ഡിഫൻസ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അതേസമയം, കെട്ടിടം തകർന്ന സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. സർക്കാർ ഉറക്കം ഉണർന്ന് നടപടിയെടുക്കണമെന്നും സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.













